ആഗോള കത്തോലിക്ക സഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി; കാര്‍ലോ അക്യുട്ടിസ് ഇനി മിലേനിയല്‍ വിശുദ്ധന്‍

ആഗോള കത്തോലിക്ക സഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി; കാര്‍ലോ അക്യുട്ടിസ് ഇനി മിലേനിയല്‍ വിശുദ്ധന്‍

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി. 'ദൈവത്തിന്റെ ഇന്‍ഫ്‌ലുവന്‍സര്‍' എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസ്, 1925 ല്‍ അന്തരിച്ച ഇറ്റാലിയന്‍ പര്‍വതാരോഹകന്‍ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി എന്നിവരെയാണ് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.

'ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍' എന്ന പേര് നേടിയ കാര്‍ലോ അക്യുട്ടിസ് ഓണ്‍ലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ചതിനാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് കാര്‍ലോ അക്യുട്ടിസ്. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.


ഇറ്റാലിയന്‍ ദമ്പതിമാരുടെ മകനായി ലണ്ടനിലായിരുന്നു കാര്‍ലോ അക്യുട്ടിസിന്റെ ജനനം. മിലാനില്‍ വളര്‍ന്ന അദേഹം 2006 ല്‍ പതിനഞ്ചാം വയസില്‍ രക്താര്‍ബുദ ബാധിതനായാണ് അന്തരിച്ചത്. അക്യുട്ടിസിന്റെ ഭൗതിക ദേഹം അസീസിയില്‍ ചില്ലിട്ട ശവകുടീരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജീന്‍സും ഷര്‍ട്ടും നൈക്കി ഷൂസുമിട്ട നിലയിലാണ് അക്യുട്ടിസിന്റെ ഭൗതിക ദേഹം ഇപ്പോഴും ഉള്ളത്.

കംപ്യൂട്ടര്‍ കോഡിങ് സ്വയം പഠിച്ച അക്യുട്ടിസ് ഈ വൈദഗ്ധ്യം ആത്മീയതയും കത്തോലിക്കാ സഭയിലെ അദ്ഭുത പ്രവൃത്തികളും ഉള്‍പ്പെടെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതും വേണ്ടി പ്രവര്‍ത്തിച്ചു. അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ രണ്ട് അദ്ഭുതങ്ങള്‍ നടന്നത് വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് വിശുദ്ധ പദവിയിലേക്ക് വഴി തുറന്നത്. 'സൈബര്‍ അപ്പസ്‌തോലന്‍' എന്നും അറിയപ്പെടുന്ന അക്യുട്ടിസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ 2020 ല്‍ വാഴ്ത്തപ്പെട്ടവനാക്കിയിരുന്നു.

മിലേനിയല്‍ കാലത്ത് ജനിച്ച ആദ്യ വിശുദ്ധന്‍ എന്ന പദവിയിലെത്തുന്ന കാര്‍ലോ അക്യുട്ടിസ്. വിശ്വാസം പ്രചരിപ്പിക്കാന്‍ സാങ്കേതിക വൈദഗ്ധ്യം ഉപയോഗിച്ചാണ് വിശുദ്ധ പദവിയിലെത്തുന്നതെന്നതാണ് ശ്രദ്ധേയ മാകുന്നത്. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11-ാം വയസില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്‌സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.


കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി, ഫ്‌ളോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി തീരുമാനിക്കുകയായിരുന്നു.

പ്രേഷിത പ്രവര്‍ത്തനത്തിനായി വെബ്‌സൈറ്റ്

പരസ്പര പൂരകങ്ങളായ വിശ്വാസവും സൈബര്‍ ലോകവും സമര്‍ഥമായി സംയോജിപ്പിച്ച് വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറന്നു എന്നാണ് വിശുദ്ധനെപ്പറ്റി വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടും സാക്ഷ്യം വഹിച്ച എല്ലാ അത്ഭുതങ്ങളും രേഖപ്പെടുത്തുന്ന ഒരു പ്ലാറ്റ്ഫോമായിരുന്നു അക്യുട്ടിസ് നിര്‍മിച്ച പ്രമുഖ വെബ്സൈറ്റുകളില്‍ ഒന്ന്. വെബ്സൈറ്റ് ഇപ്പോള്‍ ഒന്‍പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1901 ഏപ്രില്‍ ആറിന് ഇറ്റലിയിലെ ടൂറിനില്‍ ജനിച്ച പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി തന്റെ ഹ്രസ്വ ജീവിതം വഴി ചുറ്റുമുള്ളവരില്‍ ഒരു അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ യുവാവായിരുന്നു.

ഫ്രസാറ്റി ദരിദ്രരോട് ഏറെ സ്‌നേഹവും അനുകമ്പയും പുലര്‍ത്തിയിരുന്നു. അത് പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വീക്ഷണത്തിന് വിരുദ്ധമായിരുന്നു. സമൂഹത്തിലെയും എന്തിന് ഇറ്റലി എന്ന രാജ്യത്തിലെ തന്നെ ഏറെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകനായ അപ്പന്റെ മോന് ഇറ്റലിയിലെയും ജര്‍മനിയിലെയും ഉന്നത രക്ഷാധികാരികളെ ഒക്കെ സുപരിചിതമായിരുന്നു. ഗവണ്മെന്റില്‍ ഏത് ജോലിയും അല്ലേല്‍ പിതാവിന്റെ ജോലി വളരെ എളുപ്പത്തില്‍ പിന്തുടാരാമായിരുന്നിട്ടും ജോര്‍ജിയോ തിരഞ്ഞെടുത്തത് മൈനിങ് എഞ്ചിനീയറിങ് ആയിരുന്നു. കാരണം ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ വളരെയേറെ കഷ്ടപ്പെട്ട് ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന സ്ഥലം അന്നും ഇന്നും ഖനികള്‍ ആണ്.

അവരെ സഹായിക്കണം എന്ന തീരുമാനത്തില്‍ ആണ് തന്റെ പഠന മേഖല പോലും അദേഹം തിരഞ്ഞെടുത്തത്. തന്റെ പഠന സമയത്ത് തന്നെ ആത്മീയത ജോര്‍ജിയോ കൈവരിച്ചത് പരിശുദ്ധ കുര്‍ബാനയിലെ ഈശോയോടും പരിശുദ്ധ അമ്മയോടും ഉള്ള ആഴമായ സ്‌നേഹ ബന്ധം വഴി ആണ്. ദൈനംദിന കുര്‍ബാനയിലെ പങ്കാളിത്തം, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയിലൂടെയുള്ള വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം എന്നിവ പിയര്‍ ജോര്‍ജിയോയുടെ മുഖമദ്രയായിരുന്നു. സന്തോഷവും സ്‌നേഹവും നിറഞ്ഞ പെരുമാറ്റം, ആഴമായ വിശ്വാസം, ഭക്തി, മറ്റുള്ളവരുടെ വേദനയില്‍ പങ്കു ചേരാനുള്ള കഴിവ്, പരസ്‌നേഹ പ്രവര്‍ത്തനങ്ങളോടുള്ള ആവേശം, സമപ്രായക്കാരില്‍ അര്‍പ്പിച്ച ആത്മവിശ്വാസവും സൗഹൃദവും, മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകാനുള്ള കഴിവ് എന്നിവയിലൂടെ ഫ്രസാറ്റി മറ്റ് കൂട്ടുകാരുടെ മനസ് കവര്‍ന്നു.


ഫ്രസാറ്റി സ്വന്തമായാണ് ആഴത്തിലുള്ള ആത്മീയ ജീവിതം വികസിപ്പിച്ചെടുത്തത്. അദേഹം പതിവായി കുര്‍ബാനയില്‍ പങ്കെടുക്കുകയും മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കുകയും ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ ശക്തിയും പ്രചോദനവും കണ്ടെത്തുകയും ചെയ്തു. ആത്മാവിന്റെ മുഴുവന്‍ ശക്തിയോടെയും നിങ്ങള്‍ ദിവ്യകാരുണ്യ മേശയെ കഴിയുന്നത്ര തവണ സമീപിക്കണമെന്ന് അദേഹം അഭ്യര്‍ത്ഥിക്കുന്നു. ആന്തരിക പോരാട്ടങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കുന്ന ഈ അപ്പം ഭക്ഷിക്കുകയും വിശുദ്ധ കുര്‍ബാന ഏത് പ്രവര്‍ത്തിക്കും വേണ്ട ശക്തി തരുമെന്നും ഫ്രസാറ്റി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഫ്രസാറ്റിയുടെ പ്രാര്‍ത്ഥനാ ജീവിതം പള്ളിയുടെ ചുവരുകളില്‍ ഒതുങ്ങി നിന്നില്ല. പ്രകൃതിയുടെ സൗന്ദര്യത്തില്‍ പ്രത്യേകിച്ച്, കയറാന്‍ ഇഷ്ടപ്പെട്ട പര്‍വതങ്ങളില്‍ അദേഹം ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തി. അത്തരത്തിലുള്ള ഓരോ യാത്രയിലും ജപമാല കരങ്ങളില്‍ ഏന്തി മറ്റ് കൂട്ടുകാരെയും ജപമാല പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ച് അങ്ങനെ പരിശുദ്ധ അമ്മയോട് ഏറെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു.

പാവങ്ങളിലേക്കും അവശരിലേക്കും കൂടെ പഠിക്കുന്ന നിര്‍ധനരായ കൂട്ടുകാരിലേക്കും രോഗികളിലേക്കും അവാച്യമായ ഒരു കാന്തിക ശക്തി പോലെ ജോര്‍ജിയോ ഓടിച്ചെന്ന് തന്നലാവും വിധം സഹായം നല്‍കിയിരുന്നു. പലപ്പോഴും സ്വന്തം വസ്ത്രവും, ഷൂസും പോലും കൊടുത്തു. കുറച്ച് കൊടുത്തല്ല കൊടുക്കാവുന്നത്തിന്റെ പരമാവധി നല്‍കി അവരുടെ ജീവിതങ്ങളില്‍ നിറങ്ങള്‍ ചാര്‍ത്തി. അങ്ങനെ അദേഹത്തിന്റെ പരസ്‌നേഹ പ്രവര്‍ത്തനത്തില്‍ നിന്ന് ഫ്രസാറ്റിക്ക് പോളിയോ പിടിപെട്ട് 1925 ജൂലൈ നാലിന് 24 വയസുള്ളപ്പോള്‍ മരണമടഞ്ഞു.


ടൂറിനിലെ ആയിരക്കണക്കിന് ദരിദ്രര്‍ ആ മരണത്തില്‍ ദുഖത്തോടെ തെരുവുകളില്‍ നിരന്നപ്പോള്‍ ആണ് അദേഹം ആരും അറിയാതെ ആരെയും അറിയിക്കാതെ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി ലോകത്തിന് വെളിപ്പെട്ടത്. മൃതസംസ്‌കാര സമയത്ത് പള്ളിയും പള്ളി മുറ്റവും നിറഞ്ഞ് തെരുവീഥികള്‍ മുഴുവന്‍ യുവജനങ്ങളും അദേഹത്തിന്റെ മൃദുലതയും കാരുണ്യവും അറിഞ്ഞ ആയിരങ്ങളും അണിനിരന്നു. അന്ന് മുതല്‍ ആ കല്ലറയില്‍ തിരിയും പൂക്കളും നിറഞ്ഞു. ഒരിക്കല്‍ ജോര്‍ജിയോ വിശുദ്ധ പദവിയില്‍ എത്തുമെന്ന് ഏവരും വിശ്വസിച്ചിരുന്നു.

1981 ല്‍ ഫ്രസാറ്റിയുടെ മൃതദേഹം അടക്കിയ കല്ലറ തുറന്നപ്പോള്‍ അത് പൂര്‍ണമായും അഴുകാത്തതായി കണ്ടെത്തി. 1990 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദേഹത്തെ 'ആഗോള യുവജന ദിനത്തിന്റെ മാധ്യസ്ഥന്‍' എന്ന് വിശേഷിപ്പിച്ചു. ഫ്രസാറ്റിയുടെ ജീവിതം നിരവധി പേര്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്കി ഏറെ പ്രചോദനം നല്‍കിയിരുന്നു. പര്‍വ്വതാരോഹണം ഹരമാക്കി അതില്‍ പ്രപഞ്ച സ്രഷ്ടാവിനെ പ്രകീര്‍ത്തിച്ച പച്ചയായ യുവാവ് ആയിരിന്നു
പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി. കാതോലിക്കാ സഭയിലെ ഏറ്റവും വലിയ സംഘടനയായ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആദ്യ യുവ വിശുദ്ധന്‍ കൂടിയാണ് ജോര്‍ജിയോ ഫ്രസാറ്റി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.