ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ഭരണപക്ഷ എംപിമാര്‍ക്ക് പ്രത്യേക പരിശീലനം; പ്രതിപക്ഷ എംപിമാരും ഇന്ന് യോഗം ചേരും

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ;  ഭരണപക്ഷ എംപിമാര്‍ക്ക് പ്രത്യേക പരിശീലനം;  പ്രതിപക്ഷ എംപിമാരും ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കുന്ന സാഹചര്യത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെട്ട എംപിമാരെല്ലാം ഡല്‍ഹിയിലെത്തി.

എന്‍ഡിഎ എംപിമാര്‍ക്കായുള്ള പരിശീലന പരിപാടി ഡല്‍ഹിയില്‍ തുടരുകയാണ്. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ എത്താതിരുന്ന എംപിമാരോട് ഇന്ന് പങ്കെടുക്കാന്‍ കര്‍ശന നിര്‍ദേശമാണ് ബിജെപി-എന്‍ഡിഎ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

അതേസമയം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രതിപക്ഷ എംപിമാര്‍ ഇന്ന് യോഗം ചേരും. വോട്ട് ചെയ്യേണ്ട വിധം അടക്കം നേതാക്കള്‍ എംപിമാരോട് വിശദീകരിക്കും. ഇന്ത്യ സഖ്യം എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ രാത്രി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി ബി. സുദര്‍ശന്‍ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യസഭയെ സംവാദത്തിനുള്ള യഥാര്‍ത്ഥ വേദിയാക്കി മാറ്റുമെന്നും പാര്‍ലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ നിന്നും മുക്തമാക്കുമെന്നുമാണ് മുന്‍ സുപ്രീം കോടതി ജഡ്ജികൂടിയായ സുദര്‍ശന്‍ റെഡ്ഡി പറഞ്ഞത്.

ആകെ 783 എംപിമാരില്‍ എന്‍ഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവില്‍ ഉള്ളത്. ബിജു ജനതാദള്‍, ബിആര്‍എസ് എന്നീ കക്ഷികള്‍ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.