റഷ്യയുടെ അര്‍ബുദ മരുന്ന് അത്ഭുത മരുന്നാകുമോ?.. മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം; കസ്റ്റമൈസ്ഡ് ആയി ഉപയോഗിക്കാം

റഷ്യയുടെ അര്‍ബുദ മരുന്ന് അത്ഭുത മരുന്നാകുമോ?..  മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം;  കസ്റ്റമൈസ്ഡ് ആയി ഉപയോഗിക്കാം

മോസ്‌കോ: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റഷ്യ. ഇതിനായി റഷ്യയുടെ ക്യാന്‍സര്‍ വാക്സിനായ എന്റോമിക്സ് റെഡി.

എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്സിനായ എന്റോമിക്സ് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100 ശതമാനം ഫല പ്രാപ്തിയും സുരക്ഷയും ഉറപ്പു നല്‍കിയതായി റഷ്യന്‍ മെഡിക്കല്‍ വിദഗ്ധര്‍ അവകാശപ്പെട്ടു. ട്യൂമറുകളെ ചുരുക്കുകയും അവയുടെ വളര്‍ച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതില്‍ വാക്‌സിന്‍ വിജയിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുലര്‍ ബയോളജിയും ചേര്‍ന്നാണ് വാക്സീന്‍ വികസിപ്പിച്ചത്.

ക്ലിനിക്കല്‍ ഉപയോഗത്തിന് വാക്സിന്‍ ഇപ്പോള്‍ തയ്യാറാണെന്ന് ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വാക്‌സിന്‍ ആവര്‍ത്തിച്ചുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഓരോ രോഗിക്കും അവരുടെ വ്യക്തിഗത ആര്‍എന്‍എയ്ക്ക് അനുസൃതമായി വാക്സിനില്‍ പരിഷ്‌കരണങ്ങള്‍ വരുത്തി (Customized) ഉപയോഗിക്കാനും സാധിക്കുമെന്ന് എഫ്എംബിഎ മേധാവി വെറോണിക്ക സ്‌കോര്‍ട്ട്‌സോവ പറഞ്ഞു.

കൊളോറെക്ടല്‍ കാന്‍സറിനെ ചികിത്സിക്കാന്‍ വാക്സിനിന്റെ ആദ്യ രൂപം ഉപയോഗിക്കുമെന്നും ഗ്ലിയോബ്ലാസ്റ്റോമ, മെലനോമ, സ്‌കിന്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള പതിപ്പുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. ഡിജിറ്റല്‍ വാര്‍ത്താ സേവനമായ സ്പുട്നികാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്.

കീമോതെറാപ്പി, റേഡിയേഷന്‍ പോലെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വാക്സിന് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 18 മുതല്‍ 21 വരെ വടക്കന്‍ റഷ്യയില്‍ നടന്ന സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു.

48 സന്നദ്ധ പ്രവര്‍ത്തകരാണ് എന്ററോമിക്സ് ഓങ്കോളിറ്റിക് വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണങ്ങള്‍ അവസാനിച്ചതോടെ അവശേഷിക്കുന്ന ഒരേയൊരു ഘട്ടം റെഗുലേറ്ററി ക്ലിയറന്‍സ് മാത്രമാണ്. അംഗീകരിക്കപ്പെട്ടാല്‍, പൊതുജനങ്ങള്‍ക്ക് ലഭ്യമായ ആദ്യത്തെ കസ്റ്റമൈസ്ഡ് എംആര്‍എന്‍എ കാന്‍സര്‍ വാക്‌സിനായി എന്ററോമിക്‌സ് മാറും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.