മധ്യസ്ഥ ശ്രമങ്ങള്‍ തുടരും; പക്ഷേ, ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേലിന് ഖത്തറിന്റെ മുന്നറിയിപ്പ്

മധ്യസ്ഥ ശ്രമങ്ങള്‍ തുടരും;  പക്ഷേ, ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേലിന് ഖത്തറിന്റെ മുന്നറിയിപ്പ്

ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി.

തങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നു കയറ്റവും വെച്ചു പൊറുപ്പിക്കില്ല. സുരക്ഷയ്ക്ക് ഭീഷണിയാവുകയും പ്രാദേശിക സ്ഥിരതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വിവേക ശൂന്യമായ ഏതൊരു ലംഘനത്തോടും ആക്രമണത്തോടും ശക്തമായി പ്രതികരിക്കുമെന്നും അദേഹം പറഞ്ഞു.

ഇസ്രയേല്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കാന്‍ എല്ലാ സൗഹൃദ, സഹോദര രാഷ്ട്രങ്ങളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ എടുക്കുന്ന ഓരോ നടപടിയും തങ്ങള്‍ പ്രഖ്യാപിക്കമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.

ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഇസ്രയേല്‍ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അല്‍താനിയുടെ പ്രതികരണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ വിഭാഗം ആക്ടിങ് മേധാവി ഖലില്‍ അല്‍ ഹയ്യയുടെ മകന്‍ ഹമ്മാമും സഹായിയും ഖത്തറിലെ സുരക്ഷാ സേനാംഗവുമുള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിന് പിന്നാലെ ഹമാസിനും ഇസ്രായേലിനും ഇടയിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ നിര്‍ത്തി വെച്ചതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും അത് തങ്ങളുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും അദേഹം വ്യക്തമാക്കി.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിനും ഇസ്രയേലിനും ഇടയിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ഖത്തര്‍ നേതാക്കള്‍ ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തരുതെന്ന് അമേരിക്ക ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.