ചാര്‍ലി കിര്‍ക്ക്: ക്രിസ്തീയ വിശ്വാസവും അമേരിക്കന്‍ ദേശീയതയും ഉയര്‍ത്തിപ്പിടിച്ച യുവ നേതാവ്

ചാര്‍ലി കിര്‍ക്ക്:   ക്രിസ്തീയ വിശ്വാസവും അമേരിക്കന്‍ ദേശീയതയും ഉയര്‍ത്തിപ്പിടിച്ച യുവ നേതാവ്

വാഷിങ്ടണ്‍: അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയത്തില്‍ ഏറ്റവും സ്വാധീനമുള്ള യുവ നേതാക്കളില്‍ ഒരാളായിരുന്നു ബുധനാഴ്ച അമേരിക്കയില്‍ വെടിയേറ്റ് മരിച്ച ചാര്‍ലി കിര്‍ക്ക്. വെറും 31 വയസില്‍ തന്നെ അദേഹം രാഷ്ട്രീയത്തിലും മാധ്യമ രംഗത്തും ശക്തമായ ഖ്യാതി നേടിയിരുന്നു. മരണത്തിന് തൊട്ടുമുമ്പു വരെ തന്റെ പ്രസംഗത്തിലൂടെ യുവാക്കളെ പ്രചോദിപ്പിക്കാന്‍ അദേഹം ശ്രമിച്ചിരുന്നു.

ബാല്യവും വിദ്യാഭ്യാസവും

1993 ഒക്ടോബര്‍ 14 ന് അമേരിക്കയിലെ ഇലിനോയിസില്‍ ജനിച്ച കിര്‍ക്ക് ചെറുപ്പം മുതല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ തല്‍പരനായിരുന്നു. ഹൈസ്‌കൂള്‍ കാലത്ത് വിദ്യാര്‍ഥി സംഘടനകളിലും സമൂഹ പ്രവര്‍ത്തനങ്ങളിലും സജീവമായി. കോളജ് പഠനം ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാതെ 2012 ല്‍ പതിനെട്ടാം വയസില്‍ Turning Point USA (TPUSA) എന്ന സംഘടന സ്ഥാപിച്ചു.

Turning Point USA - ക്യാമ്പസുകളില്‍ നിന്ന് രാഷ്ട്രത്തിലേക്ക്

TP USA സ്ഥാപിച്ചതോടെ കിര്‍ക്കിന്റെ ജീവിതവും മാറി. അമേരിക്കന്‍ കോളജ് ക്യാമ്പസുകളില്‍ യുവാക്കളെ സംരക്ഷണാധിഷ്ഠിത (Conservative) ആശയങ്ങളിലേക്കും സ്വതന്ത്ര വിപണി മൂല്യങ്ങളിലേക്കും ആകര്‍ഷിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

'Professor Watchlist' പോലുള്ള പദ്ധതികള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും TP USA ദേശീയ തലത്തില്‍ വന്‍ സ്വാധീനം നേടി. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അമേരിക്കന്‍ യുവജനങ്ങളിലേക്കുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നായി കിര്‍ക്ക് മാറി.

കുടുംബ ജീവിതം

2021 ല്‍ കിര്‍ക്ക് എറികാ ഫ്രാന്‍ട്‌സ്വെയെ വിവാഹം ചെയ്തു. 2022 ല്‍ ഒരു മകളും 2024 ല്‍ ഒരു മകനും പിറന്നു. വ്യക്തിഗത ജീവിതത്തെ പൊതുവില്‍ അധികം പ്രദര്‍ശിപ്പിക്കാതെ കുടുംബം തന്നെ തന്റെ കരുത്തും പ്രചോദനവുമാണെന്ന് കിര്‍ക്ക് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മതവിശ്വാസം: 'ക്രിസ്തു അമേരിക്കയുടെ അടിത്തറ'

കിര്‍ക്ക് ഒരു എവാഞ്ചലിക്കല്‍ ക്രിസ്ത്യാനി ആയിരുന്നു. 'Turning Point Faith' പോലുള്ള പദ്ധതികളിലൂടെ സഭകളെയും യുവജനങ്ങളെയും രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാന്‍ അദേഹം ശ്രമിച്ചു. കിര്‍ക്ക് യുവാക്കളോട് പലപ്പോഴും പറഞ്ഞിരുന്നത്: 'ക്രിസ്തീയ മൂല്യങ്ങളിലാണ് അമേരിക്ക പണിതിരിക്കുന്നത്; അവയെ സംരക്ഷിക്കുന്നത് നമ്മുടെ കടമയാണ്' എന്നാണ്.

സഭകളെയും പാസ്റ്റര്‍മാരെയും ഒന്നിപ്പിച്ച് ദേശീയതയും വിശ്വാസവും ഒരുമിച്ചുള്ള പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ അദേഹം ശ്രമിച്ചു. ക്രൈസ്തവ വിശ്വാസം മാത്രം അല്ല, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അദേഹത്തിന്റെ മത ജീവിതത്തിന്റെ ഭാഗമായിരുന്നു.

'യേശുക്രിസ്തു മരണത്തെ പരാജയപ്പെടുത്തി, അതിനാല്‍ നമുക്ക് ജീവന്‍ ലഭിച്ചു' എന്നതായിരുന്നു ചാര്‍ളി കിര്‍ക്ക് അവസാനമായി എക്സില്‍ കുറിച്ച വാചകം.

ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായി ആയിരുന്ന അദേഹം MAGA ('Make America Great Again') പ്രസ്ഥാനത്തിന് യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. അമേരിക്ക ദൈവം തിരഞ്ഞെടുത്ത രാഷ്ട്രമാണ് എന്നും, ലോകത്ത് സ്വാതന്ത്ര്യവും നീതിയും പരത്തേണ്ട പ്രത്യേക ദൗത്യം അമേരിക്കക്കുണ്ടെന്നും അദേഹം വിശ്വസിച്ചു.

അമേരിക്കന്‍ പതാക, ഭരണഘടന, സൈനിക ശക്തി എന്നിവയെ ദേശീയ ഐക്യത്തിന്റെ അടിത്തറയായി കിര്‍ക്ക് കണക്കാക്കി. 'The Charlie Kirk Show' പോലുള്ള പോഡ്കാസ്റ്റുകള്‍, എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ എന്നിവ വഴി ലക്ഷക്കണക്കിന് ആളുകളെ അദേഹം നേരിട്ട് സ്വാധീനിച്ചു.

വിമര്‍ശനങ്ങളും വിവാദങ്ങളും

ചാര്‍ലി കിര്‍ക്കിന്റെ ഉറച്ച നിലപാടുകള്‍ക്ക് വലിയ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. കുടിയേറ്റം, ജാതി, ലിംഗം തുടങ്ങിയ വിഷയങ്ങളില്‍ അദേദ്ദഹം സ്വീകരിച്ച കടുത്ത വാദങ്ങള്‍ പലര്‍ക്കും വിഭജനപരമാണെന്ന് തോന്നിച്ചു. അദേഹത്തിന്റെ വലതുപക്ഷ ക്രൈസ്തവ നിലപടുകളെ ഇടത് പക്ഷവും മറ്റ് മത തീവ്രവാദികളും ഒരുപോലെ എതിര്‍ത്തിരുന്നു.

കോളജ് അധ്യാപകരെ 'വലതുപക്ഷ വിരുദ്ധര്‍' എന്ന് കുറ്റപ്പെടുത്തി തയ്യാറാക്കിയ 'Professor Watchlist' പട്ടിക അക്കാദമിക് സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്നതാണെന്ന് ചിലര്‍ ആരോപിച്ചു.

ക്രിസ്തീയ മൂല്യങ്ങള്‍ തുറന്നു പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ നടത്തിയ ശ്രമം, അമേരിക്കയിലെ മത-രാജ്യ വേര്‍തിരിവ് (Separation of Church & State) ചോദ്യം ചെയ്യുന്നതാണെന്ന് ചിലര്‍ ആരോപിച്ചു. ഇടത് മാധ്യമങ്ങളും വിമര്‍ശകരും അദേദ്ദഹത്തെ 'കുടിയേറ്റ വിരുദ്ധനും ദേശീയതയുടെ പേരില്‍ വിഭജനം വളര്‍ത്തുന്നവനുമാണ്' എന്ന് വിളിച്ചു.

അകാലാന്ത്യം

2025 സെപ്റ്റംബര്‍ യുട്ടാവാലി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ വെടിവെപ്പില്‍ കിര്‍ക്ക് കൊല്ലപ്പെട്ടു. വാര്‍ത്ത പുറത്തു വന്നതോടെ അമേരിക്കന്‍ രാഷ്ട്രീയ രംഗം ഞെട്ടലിലായി. പലരും അദേഹത്തെ ''യുവാക്കളെ പ്രചോദിപ്പിച്ച ശക്തമായ ശബ്ദം'' എന്ന് വിശേഷിപ്പിച്ചു.

അനുശോചനം

കിര്‍ക്കിന്റെ മരണത്തെ തുടര്‍ന്ന്, ട്രംപ്, വാന്‍സ്, ജോണ്‍സണ്‍, മൈക്ക് ലീ, ജോ ബൈഡന്‍, ബറാക് ഒബാമ തുടങ്ങിയ നേതാക്കള്‍ അനുശോചനങ്ങള്‍ രേഖപ്പെടുത്തി. അമേരിക്കന്‍ പ്രതിനിധി സഭയില്‍ കിര്‍ക്കിന്റെ സ്മരണയില്‍ മൗനദിനം ആചരിക്കുകയും രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

'ഇത് ഹീനമായ ഒരു കൊലപാതകമാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനം. മഹാനായ ചാര്‍ലി കിര്‍ക്ക് ഇനി ഈ ലോകത്ത് ഇല്ല. അമേരിക്കയിലെ യുവജനങ്ങളുടെ മനസും ഹൃദയവും അദേഹത്തെ പോലെ ആരും മനസിലാക്കിയിരുന്നില്ല.

അദേഹം എല്ലാവര്‍ക്കും പ്രിയങ്കരനും ആരാധനീയനുമായിരുന്നു, പ്രത്യേകിച്ച് എനിക്ക്. ഇനി അദേഹം നമ്മുടെ കൂടെ ഇല്ല'- പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിര്‍ക്കിന് അനുശോചനം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'ചാര്‍ലി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!' എന്ന വാക്കോടെയാണ് ട്രംപ് തന്റെ അനുശോചന സന്ദേശംഅവസാനിപ്പിച്ചത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.