ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. നേതാക്കള്‍ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു.
2023 മുതല്‍ സംസ്ഥാന സെക്രട്ടറി ആണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 2022 ല്‍ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് 2023 ല്‍ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
സെപ്റ്റംബര്‍ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായത്. ഇന്ന് വൈകുന്നേരം ആലപ്പുഴ ബീച്ചില്‍ തയ്യാറാക്കിയിരിക്കുന്ന അതുല്‍ കുമാര്‍ അഞ്ജാന്‍ നഗറിലാണ് പൊതുസമ്മേളനം. വോളിണ്ടിയര്‍ പരേഡിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നതായും വിമര്‍ശനം ഉയര്‍ന്നു. കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി പറയുന്നത് പലപ്പോഴും മനസിലാവുന്നില്ലെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
സിപിഐയില്‍ താഴേത്തട്ടില്‍ വിഭാ?ഗീയത ഇല്ലെന്നും മുകള്‍ത്തട്ടിലാണ് വിഭാ?ഗീയതയെന്നും അത് ചെയ്യുന്നത് സംസ്ഥാന നേതൃത്വമാണെന്നും വിമര്‍ശനം ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ കേവലം 11 തവണ മാത്രമാണ് സംസ്ഥാന കൗണ്‍സില്‍ കൂടിയതെന്ന വിമര്‍ശനവും ഉയര്‍ന്നു. കൗണ്‍സിലിന്റെ അധികാരം മുഴുവന്‍ എക്‌സിക്യൂട്ടീവ് കവര്‍ന്നെടുക്കുകയാണ്. മന്ത്രിമാരെല്ലാം സംസ്ഥാന എക്‌സിക്യൂട്ടീവിലും ദേശീയ കൗണ്‍സിലിലും അംഗങ്ങളാണ്. ആ നിലയ്ക്കുള്ള സംഘടനാ ചുമതലകള്‍ അവര്‍ നിറവേറ്റിയിട്ടില്ല. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ബാധ്യതയുള്ള പാര്‍ട്ടി നേതൃത്വം അതിന് തയ്യാറായിട്ടില്ല എന്നും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി. പാര്‍ട്ടി കമ്മിറ്റികള്‍ സമ്പൂര്‍ണ പരാജയമാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.