ചങ്ങനാശേരി: കുട്ടനാടിൻ്റെ സുസ്ഥിര വികസനവും ഗവേഷണവും ലക്ഷ്യമാക്കി ചങ്ങനാശേരി എസ്.ബി. കോളജിൽ സെൻ്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ തുറന്നു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. കുട്ടനാടിൻ്റെ വിഷയങ്ങളിൽ സർക്കാർ ഭാവനാസമ്പന്നമായും ക്രിയാത്മകമായും ഇടപെടണമെന്ന് ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.
പ്രളയം ഉൾപ്പെടെ കുട്ടനാട് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രീകൃത മാനേജ്മെൻ്റ് സംവിധാനം വേണമെന്നും ആർച്ച് ബിഷപ്പ് നിർദേശിച്ചു. കുട്ടനാടിനുവേണ്ടി പഠന റിപ്പോർട്ടുകളും പദ്ധതി പ്രഖ്യാപനങ്ങളുമല്ലാതെ ഫലപ്രദമായ ഇടപെടലുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന അധികജലം അതേ അളവിലും നിശ്ചിത സമത്തിനുള്ളിലും പുറംതള്ളാതെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാവില്ല. ഇതിനെക്കുറിച്ച് സർക്കാരുകൾ ചിന്തിക്കുന്നില്ല. വരും നൂറ്റാണ്ടുകളിലും കുട്ടനാട് പ്രൗഢിയോടെ നിലനിൽക്കാൻ ഈ സെൻ്റർ മുൻകൈയെടുക്കണമെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.
ആലപ്പുഴ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് സെൻ്റർ ഉദ്ഘാടനം ചെയ്‌തു. വേമ്പനാട്ട് കായൽ പുനരുദ്ധരിച്ച് മാർക്കറ്റിങ് സാധ്യതകൾ ഉപയോഗിക്കണം. തോട്ടപ്പള്ളി സ്‌പിൽവേ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണം. പാടശേഖരങ്ങൾ കൂടുതൽ ഉത്പാദനക്ഷമത കൈവരിക്കണം. ഇതിനൊക്കെ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻ്ററിന് കഴിയണമെന്നും കളക്ടർ പറഞ്ഞു.
കോളജ് മാനേജർ മോൺ. ആൻ്റണി ഏത്തയ്ക്കാട്ട് ആമുഖ പ്രസംഗം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. റ്റെഡി കാഞ്ഞുപ്പറമ്പിൽ, ജോസ് വേങ്ങാന്തറ, ജയ് ചാക്കോ ഇലഞ്ഞിക്കൽ, വർഗീസ് കണ്ണമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡംഗം ഡോ. വർഗീസ് ജോർജ്, ഇ. ജോൺ ജേക്കബിനെയും ഡോ. സിസ്റ്റർ മാർഗരറ്റ് മരിയ ജോസ് എസ്.എ.ബി എസ്., ഐ.സി. ചാക്കോയെയും അനുസ്‌മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.