'ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന് നഷ്ടമായത് പത്ത് വിമാനങ്ങള്‍; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതും അവര്‍ തന്നെ'

'ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന് നഷ്ടമായത് പത്ത് വിമാനങ്ങള്‍; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതും അവര്‍ തന്നെ'

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് പത്ത് വിമാനങ്ങള്‍ നഷ്ടമായെന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് അവര്‍ തന്നെയാണെന്നും വ്യോമസേനാ മേധാവി എ.പി സിങ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് വെടിനിര്‍ത്തലിന് കാരണമായതെന്ന പ്രചരണവും അദേഹം തള്ളി. പാകിസ്ഥാന്റെ യു.എസ് നിര്‍മിത എഫ് 16, ചൈനീസ് നിര്‍മിത ജെ 17 വിമാനങ്ങളാണ് ഇന്ത്യ വെടിവച്ചിട്ടതെന്നും എ.പി സിങ് വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയും കൃത്യതയും ലോകം കണ്ടതായി ഇന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യോമസേനാ മേധാവി പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യന്‍ ജെറ്റുകള്‍ നശിപ്പിച്ചുവെന്ന് അവകാശവാദത്തെയും അദേഹം നിഷേധിച്ചു.

'നിരപരാധികളെ കൊന്ന തീവ്രവാദികള്‍ക്ക് ഒരു പാഠമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. 300 കിലോ മീറ്ററിലധികം ലക്ഷ്യങ്ങള്‍ ഞങ്ങള്‍ ആക്രമിച്ചു. തുടര്‍ന്ന് പാകിസ്ഥാനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. 100 മണിക്കൂറുകളോളം നീണ്ടു നിന്ന പോരാട്ടത്തില്‍ പാകിസ്ഥാന്റെ നിരവധി മിസൈലുകളും ഡ്രോണുകളും ഇന്ത്യ തകര്‍ത്തു.

ഇന്ത്യയുടെ യുദ്ധ തന്ത്രങ്ങള്‍ മാറും. ഇതുവരെ കണ്ട യുദ്ധങ്ങള്‍ ആകില്ല വരും കാലത്ത്. ഭാവിക്കായി ഇപ്പോഴേ തയ്യാറായിരിക്കണം. 21-ാം നൂറ്റാണ്ടാണ്. ഇനി സൈനികരുടെ എണ്ണമോ ആയുധ ശേഖരത്തിന്റെ വലിപ്പമോ മതിയാകില്ല. സൈബര്‍ യുദ്ധം, കൃത്രിമബുദ്ധി, ഉപഗ്രഹാധിഷ്ഠിത നിരീക്ഷണം എന്നിവയാണ് ഭാവിയിലെ യുദ്ധങ്ങളെ രൂപപ്പെടുത്തുന്നത്'- വ്യോമസേനാ മേധാവി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.