'സിബിഐ അന്വേഷണം വേണ്ട'; ടിവികെയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി: ഒരു യോഗങ്ങള്‍ക്കും തല്‍ക്കാലം അനുമതിയില്ലെന്ന് സര്‍ക്കാര്‍

'സിബിഐ അന്വേഷണം വേണ്ട'; ടിവികെയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി: ഒരു യോഗങ്ങള്‍ക്കും തല്‍ക്കാലം അനുമതിയില്ലെന്ന് സര്‍ക്കാര്‍

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി നല്‍കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. നിലവില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

ദേശീയ മക്കള്‍ ശക്തി കക്ഷിയുടേത് ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്. പരാതി രാഷ്ട്രീയ താല്‍പ്പര്യം വെച്ചുള്ളതാണെന്നും ഹര്‍ജിക്കാര്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എം. ദണ്ഡപാണി, എം. ജോതിരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

റാലിയില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാതിരുന്നതിന് ടിവികെ പാര്‍ട്ടിയെ കോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത്? അച്ചടക്കമില്ലാത്തവരെ നിയന്ത്രിക്കേണ്ടേ? പ്രവര്‍ത്തകര്‍ക്ക് വെള്ളവും ശുചിമുറികളും, പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കേണ്ടത് പാര്‍ട്ടികളാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. ഏതു പാര്‍ട്ടിക്കാരാണെങ്കിലും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേയെന്ന് കോടതി ചോദിച്ചു. ദേശീയ സംസ്ഥാന പാതകളുടെ സമീപത്ത് ഒരു പാര്‍ട്ടിക്കും യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കരുതെന്നും കോടതി പറഞ്ഞു.

പൊതുയോഗങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ രൂപീകരിക്കുന്നത് വരെ ഒരു യോഗത്തിനും ഇനി അനുമതി നല്‍കില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പോരെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ടിവികെയുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.