"Dilexi Te": ദരിദ്രൻ്റെ കണ്ണുകളിൽ പ്രതിഫലിക്കുന്ന ദൈവത്തിന്റെ ഹൃദയമിടിപ്പ്


പോപ്പുമാർ പുറത്തിറക്കുന്ന അപ്പസ്തോലിക പ്രബോധനങ്ങളും എൻസൈക്ലിക്കലുകളും കത്തോലിക്കാ സഭയുടെ ചരിത്രഗതിയെ നിർണ്ണയിച്ച ദിശാബോധങ്ങളാണ്. കാലികമായ വെല്ലുവിളികളെ ദൈവത്തിന്റെ ദൃഷ്ടികോണിൽനിന്ന് അഭിമുഖീകരിക്കുന്ന ഈ ഔദ്യോഗിക രേഖകൾ ലോകമെമ്പാടുമുള്ള ചിന്തകരുടെയും വിശ്വാസികളുടെയും ആത്മഗൗരവമുള്ള വായനയ്ക്ക് വിഷയമാകാറുണ്ട്. കാരണം, ഇവയിൽ ദൈവത്തിൻ്റെ ഹൃദയമിടിപ്പും സഭയുടെ നിലപാടും ഇന്നത്തെ ലോകത്തോടുള്ള ദൈവികമായ ക്ഷണവും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു.

"ഞാൻ നിന്നെ സ്നേഹിച്ചു" (Dilexi Te) – ലിയോ XIV-ൻ്റെ പ്രഖ്യാപനം:

പോപ്പ് ലിയോ XIV പുറത്തിറക്കിയ പുതിയ അപ്പസ്തോലിക പ്രബോധനമായ “Dilexi Te” (ലാറ്റിൻ: "ഞാൻ നിന്നെ സ്നേഹിച്ചു") ലോകശ്രദ്ധ ആകർഷിക്കുകയാണ്. വെളിപ്പാട് പുസ്തകത്തിൽ (Rev 3:9) യേശു അരുളിച്ചെയ്ത ഈ തിരുവചനം കേവലം മതപരമായ ഒരു വാക്യമല്ല; അത് ക്രിസ്തുവിൻന്റെ ഹൃദയത്തിൽനിന്നുള്ള ആഴമേറിയ വ്യക്തിപരമായ സ്നേഹപ്രഖ്യാപനമാണ്. ഈ ശീർഷകം ഓരോ വിശ്വാസിയോടും നേരിട്ട് ചോദിക്കുന്നു: "ദൈവം എന്നെ സ്നേഹിച്ചുവെങ്കിൽ, ആ സ്നേഹത്തോട് ഞാൻ എന്റെ ജീവിതംകൊണ്ട് എങ്ങനെയാണ് മറുപടി നൽകേണ്ടത്?"

രണ്ട് പാപ്പാമാരുടെ ഹൃദയതാളം:

"Dilexi Te"-യുടെ സവിശേഷത അതിന്റെ രചനാപശ്ചാത്തലമാണ്. മുൻപ് പോപ്പ് ഫ്രാൻസിസ് ആരംഭിച്ച ഈ രേഖ, അദ്ദേഹത്തിൻ്റെ കാലശേഷം പോപ്പ് ലിയോ XIV ആണ് പൂർത്തിയാക്കിയത്. പോപ്പ് ഫ്രാൻസിസിന്റെ ദരിദ്രസ്നേഹവും കരുണയും പോപ്പ് ലിയോയുടെ നൂതന ദർശനവും ശൈലിയും ഒരുമിച്ച് മുഴങ്ങുന്ന ഈ പ്രബോധനം ഒരു അപൂർവ ദൈവശാസ്ത്ര കൈമാറ്റമാണ്. സഭയിൽ തുടർച്ചയും നവീകരണവും പരസ്പരം പൂരകങ്ങളായി എങ്ങനെ നിലകൊള്ളുന്നു എന്നതിന്റെ മികച്ച സാക്ഷ്യം കൂടിയാണിത്.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിലാണ് ഈ പ്രബോധനം ഒപ്പുവച്ചിരിക്കുന്നത്. "ദരിദ്രരോടുള്ള പ്രത്യേക സ്നേഹം സഭയെയും സമൂഹത്തെയും നവീകരിക്കും" എന്ന വിശുദ്ധന്റെ സന്ദേശം ഈ രേഖയുടെ അടിസ്ഥാനമാണ്. യഥാർത്ഥ നവീകരണം സാങ്കേതികവിദ്യകളിലും ആചാരങ്ങളിലും ഒതുങ്ങുന്നതല്ല; മറിച്ച്, ഒറ്റപ്പെട്ട മനുഷ്യന്റെ കണ്ണുനീർ തുടയ്ക്കുന്ന സ്നേഹത്തിലാണ് അതിന്റെ ജീവനെന്ന് ഈ പ്രബോധനം അടിവരയിടുന്നു.

ദരിദ്രർക്കുള്ള മുൻഗണന: സുവിശേഷത്തിന്റെ കാതൽ

ഈ പ്രബോധനത്തിന്റെ കാതലായ സന്ദേശം ലളിതമാണ്, എന്നാൽ വിപ്ലവാത്മകവുമാണ്: ദൈവം ദരിദ്രരെ സ്നേഹിക്കുന്നു, അതിനാൽ സഭയും അവർക്ക് മുൻഗണന നൽകണം. ഇതൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് സുവിശേഷത്തിന്റെ അടിസ്ഥാന പ്രമാണമാണ്. കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവും സാധാരണക്കാരായ ശിഷ്യന്മാരും ഈ തത്ത്വത്തിന് ജീവനുള്ള സാക്ഷ്യമാണ്. അതിനാൽ, ഈ ‘മുൻഗണനാപരമായ തിരഞ്ഞെടുപ്പ്’ (Preferential Option) സഭയുടെ സാമൂഹ്യ പ്രബോധനത്തിന്റെ പ്രധാന തൂണായി മാറുന്നതിൽ അത്ഭുതപ്പെടാനില്ല.

പോപ്പ് ലിയോ XIV ഇത് ഇങ്ങനെ വിശദീകരിക്കുന്നു: "ദൈവം ഒരാളെയും ഒഴിവാക്കുന്നില്ല; പക്ഷേ ഏറ്റവും ദുർബലരോടുള്ള അവിടുത്തെ കരുണയാണ് ദൈവഹൃദയത്തിൻന്റെ താളം" (നമ്പർ 16). അതിനാൽ, നാം ദരിദ്രരുടെ അരികിൽ നിൽക്കുക മാത്രമല്ല, അവരുടെ ശബ്ദമാകുകയും അവരുടെ കണ്ണീരിനെ നമ്മുടെ പ്രാർത്ഥനയാക്കുകയും വേണം.

പുതിയ ദാരിദ്ര്യത്തിന്റെ മറഞ്ഞിരിക്കുന്ന മുഖങ്ങൾ:

"Dilexi Te" ഇന്നത്തെ ദാരിദ്ര്യത്തെ പണത്തിൻ്റെ അഭാവമായി മാത്രം കാണുന്നില്ല. സാമൂഹിക ബഹിഷ്കരണം, ശബ്ദമില്ലായ്മ, സ്ത്രീകൾ നേരിടുന്ന അനീതികൾ, തൊഴിലാളി ചൂഷണം, മാനസികമായ ഒറ്റപ്പെടൽ എന്നിവയെല്ലാം പുതുദാരിദ്ര്യത്തിന്റെ മുഖങ്ങളായി പ്രബോധനം തുറന്നുകാട്ടുന്നു.

ലോകം "പുരോഗതി"യുടെ മറവിൽ ഈ വേദനകളെ മറയ്ക്കാൻ ശ്രമിക്കുമ്പോൾ, പോപ്പ് നൽകുന്ന മുന്നറിയിപ്പ് ഗൗരവതരമാണ്: "നിസ്സാര പുരോഗതിയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദരിദ്രരുടെ കരച്ചിൽ നാം കേൾക്കണം." വലിയ കെട്ടിടങ്ങൾ ഉയരുമ്പോൾ തെരുവുകളിൽ അനാഥർ കിടക്കുന്നുവെങ്കിൽ, നാം മനുഷ്യത്വം നഷ്ടപ്പെടുത്തുകയാണ്. പ്രത്യേകിച്ച്, സ്ത്രീകൾക്കെതിരായ അനീതികളെ മറികടക്കാൻ സഭയുടെ സത്യസന്ധമായ ഇടപെടൽ അത്യാവശ്യമാണെന്നും പ്രബോധനം ഊന്നിപ്പറയുന്നു.

മതിലുകളോ പാലങ്ങളോ? പ്രവാസത്തിൻ്റെ ദൈവശാസ്ത്രം:

പ്രവാസം ലോകരാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായിരിക്കുമ്പോൾ, പോപ്പ് ലിയോ അതിനെ വായിക്കുന്നത് ദൈവജനത്തിൻ്റെ കഥയായിട്ടാണ്.  "പ്രവാസത്തിൻ്റെ അനുഭവം ദൈവജനത്തിൻ്റെ ചരിത്രമാണ്." അബ്രഹാം, മോശെ, ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുക്കുടുംബം, സ്വർഗ്ഗം വിട്ട് നമ്മളിലേക്കുവന്ന ക്രിസ്തു — ഇവരെല്ലാം പ്രവാസികളായിരുന്നു.

അതിനാൽ പോപ്പ് വ്യക്തമാക്കുന്നു: "ലോകം മതിലുകൾ പണിയുമ്പോൾ സഭ പാലങ്ങൾ പണിയണം" (നമ്പർ 75). "ഓരോ നിരസിക്കപ്പെട്ട പ്രവാസിയിലും ക്രിസ്തു തന്നെയാണ് നമ്മുടെ വാതിൽക്കൽ മുട്ടുന്നത്." നമ്മൾ വാതിൽ കൊട്ടിയടക്കുമോ അതോ കരുണയുടെ വാതിൽ തുറക്കുമോ എന്ന ചോദ്യം പ്രബോധനം നമ്മോട് ചോദിക്കുന്നു.

സ്നേഹം പ്രവൃത്തിയാകണം: വിശുദ്ധരുടെ മാതൃക:

സ്നേഹം വാക്കുകളിൽ ഒതുങ്ങാതെ ജീവിതത്തിൽ തെളിയിച്ചവരാണ് വിശുദ്ധന്മാർ. സെന്റ്‌ ഫ്രാൻസിസ്, സെന്റ്‌ ക്ലെയർ, സെന്റ്‌ വിൻസെന്റ് ഡി പോൾ, സെന്റ്‌ തെരേസ ഓഫ് കൽക്കട്ട, സെന്റ്‌ ഓസ്കാർ റൊമേറോ... ഇവർ ദരിദ്രരോടൊപ്പമുള്ള ജീവിതത്തിലൂടെ പുതിയൊരു പങ്കുവെക്കലിന്റെ സംസ്കാരം വിതച്ചു.

പ്രബോധനം ചോദിക്കുന്ന കാതലായ ചോദ്യം ഇതാണ്: "നിങ്ങളുടെ വിശ്വാസം പ്രവർത്തികളിലൂടെ ദൃശ്യമാകുന്നുണ്ടോ?" പോപ്പ് വ്യക്തമാക്കുന്നു: "വചനങ്ങൾ മാത്രം പോരാ; സ്നേഹം പ്രവൃത്തിയാകണം. ദാനധർമ്മം ഒരു പഴയ ആചാരമല്ല, അത് ക്രിസ്തീയ ജീവിതത്തിൻ്റെ നാഡിയാണ്" (നമ്പർ 119). ദൈവശാസ്ത്രജ്ഞനായ ബിഷപ്പ് റിച്ചാർഡ് മോത്തിനെപ്പോലെ, നമുക്കും ആവർത്തിക്കാം: "സ്നേഹത്തിന് ചരിത്രം മാറ്റാനുള്ള ശക്തിയുണ്ട്."

വിശുദ്ധ വിൻസെൻന്റെ പോളിന്റെ പറഞ്ഞതുപോലെ : 'ദരിദ്രൻ എന്റെ യജമാനൻ'

"Dilexi Te"-യുടെ കാതലായ ആത്മാവ്, വിശുദ്ധ വിൻസെൻ്റ് ഡി പോളിന്റെ കരുണാശയത്തിൽ പ്രതിധ്വനിക്കുന്നു. "ദരിദ്രൻ എൻന്റെ കർത്താവാണ്" എന്ന് പ്രഖ്യാപിച്ച വിശുദ്ധ വിൻസെന്റ് ഡി പോൾ, കാരുണ്യത്തെ വ്യക്തിപരമായ അനുഭാവത്തിൽനിന്ന് സഭയുടെ സംഘടിത ദൗത്യമാക്കി മാറ്റി. "സ്നേഹം പ്രകാശിക്കണം... പക്ഷേ ചലനത്തിലായിരിക്കണം" എന്ന് അദ്ദേഹം പഠിപ്പിച്ചു. ആശുപത്രികളും അനാഥാലയങ്ങളും സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ദരിദ്രസേവനത്തെ ഒരു ദൗത്യമാക്കി.

ഇന്ന് "Dilexi Te" അതേ ആത്മാവിനെ പുതിയ ഭാഷയിൽ പറയുന്നു: സ്നേഹം ഒരു വികാരമല്ല; അതൊരു തീരുമാനമാണ്. സേവനം ഒരു ദൗത്യമാണ്. ദരിദ്രൻ ഒരു ഭാരമല്ല; അവൻ ദൈവസന്നിധിയാണ്. സഭയുടെ വിശ്വാസ്യത അളക്കപ്പെടുന്നത് അതിന്റെ കരുണാപ്രവർത്തി ത്തികൊണ്ടാണെന്ന വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ചിന്തയുടെ 21-ാം നൂറ്റാണ്ടിലെ പുനർജന്മമാണ് ഈ പ്രബോധനം.

അവസാനമായി...........യുദ്ധങ്ങളും, അഭയാർത്ഥി പ്രതിസന്ധികളും, വർധിച്ചുവരുന്ന സാമ്പത്തിക അസമത്വവും, രാഷ്ട്രീയ ധ്രുവീകരണവും ലോകത്തെ വിഭജിക്കുമ്പോൾ, "Dilexi Te" എന്ന വാക്ക് ഒരു ദൈവിക ശ്വാസംപോലെ നമ്മുടെ ചെവിയിൽ വീശുന്നു: "ഞാൻ നിന്നെ സ്നേഹിച്ചു."

ഈ സ്നേഹം കേട്ട് മാത്രം നിൽക്കരുത്. അതിൽ ജീവിക്കുക. പങ്കുവയ്ക്കുക. കാരണം, ക്രിസ്തുവിന്റെ മുഖം കണ്ടെത്തേണ്ടത് ദരിദ്രരുടെ കണ്ണുകളിലാണ്. ലോകത്തെ മാറ്റാൻ വലിയ ശക്തി ആയുധത്തിൽ അല്ല, കരുണയിലാണ്.
കരുണയുടെ വിപ്ലവം ആരംഭിക്കാൻ നിങ്ങൾ സന്നദ്ധരാണോ?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.