'സെല്‍ഫ് ഗോളടിക്കുന്നു, തലയില്‍ മുണ്ടിട്ട് പോയി ഒപ്പിട്ടവര്‍ പ്രതികരിക്കണം'; പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ സിപിഐ

'സെല്‍ഫ് ഗോളടിക്കുന്നു, തലയില്‍ മുണ്ടിട്ട് പോയി ഒപ്പിട്ടവര്‍ പ്രതികരിക്കണം'; പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ സിപിഐ

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ പങ്കാളി ആകാനുള്ള ധാരണാ പത്രം സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതോടെ ഇടത് മുന്നണിയില്‍ വിള്ളല്‍ രൂക്ഷമാകുന്നു. സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത അതൃപ്തിയുമായി സിപിഐ രംഗത്തെത്തി.

ഗോളി തന്നെ സെല്‍ഫ് ഗോളടിക്കുന്ന സാഹചര്യമാണുള്ളതെന്ന് സിപിഐ എംപി പി. സന്തോഷ് കുമാര്‍ പറഞ്ഞു. തലയില്‍ മുണ്ടിട്ട് പോയി ആരെങ്കിലും ഒപ്പിട്ടുണ്ടെങ്കില്‍ അവരാണ് പ്രതികരിക്കേണ്ടതെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമായ ഉത്തരം പറയാനാകുക പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബിക്കായിരിക്കുമെന്നും അദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവെച്ചു എന്ന വിവരം അറിയുന്നത് മാധ്യമങ്ങളില്‍ കൂടിയാണ്. കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഈ പദ്ധതിയില്‍ ഒപ്പിടാതിരുന്നത് നിലപാടുകളില്‍ ഊന്നി നടന്നതിനാലാണ്. വിഷയത്തില്‍ പ്രതികരിക്കേണ്ടത് ബന്ധപ്പെട്ട മന്ത്രിയാണ്. പദ്ധതിയെ എതിര്‍ക്കുന്നു എന്നത് ഇന്ത്യന്‍ ഇടത് പക്ഷത്തിന്റെ നിലപാടാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

മുന്നണി മര്യാദകളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയതാണ്. ഇന്ന് സിപിഐ നേതൃ യോഗം ചേരും. യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ഇടതുപക്ഷം എന്നത് നയിക്കുന്ന നേതാക്കന്മാരും സംഘടനാ സംവിധാനവും മാത്രമല്ല. ഒരു വലിയ അവബോധം കൂടിയാണ്. അവരെല്ലാം എതിര്‍ക്കുന്ന ഒരു പദ്ധതിയാണ്. വര്‍ഷങ്ങളോളം അനുഭവ സമ്പത്തുള്ള എം.എ ബേബിയെപ്പോലൊരു നേതാവിനോട് ഈ കാര്യത്തേക്കുറിച്ച് ചോദിച്ചാല്‍ കൂടുതല്‍ വ്യക്തമാകുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.