പി.എം ശ്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചു.
ആലപ്പുഴ: പി.എം ശ്രീ വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന സിപിഐ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയത്തിന് വഴങ്ങിയില്ല. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും സിപിഐയെ അനുനയിപ്പിക്കാനായില്ല.
പാര്‍ട്ടിയെ ഇരുട്ടില്‍ നിര്‍ത്തി മുന്നണി മര്യാദ പോലും പാലിക്കാതെ ഏകപക്ഷീയമായി ധാരണാപത്രം ഒപ്പിട്ടതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ വിട്ടുനില്‍ക്കും.
ശനിയാഴ്ച മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങി വച്ച അനുനയ ശ്രമങ്ങള്‍ ഇന്ന് ഗള്‍ഫ് പര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തിട്ടും ഫലമുണ്ടായില്ല. ആലപ്പുഴയില്‍ രാവിലെ ചേര്‍ന്ന സിപിഐ നേതൃ യോഗങ്ങള്‍ പി.എം ശ്രീയില്‍ വിട്ടുവീഴ്ച വേണ്ടെന്നും വേണ്ടി വന്നാല്‍ മന്ത്രിമാരുടെ രാജി പോലും നല്‍കണം എന്ന നിര്‍ദേശമുയര്‍ന്നു.
ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും അനുന യശ്രമങ്ങള്‍ ഫലിച്ചില്ല.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയെ കാണാനെത്തിയ സിപിഐ മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവര്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐയെ വിശ്വാസത്തിലെടുക്കാതെയുള്ള ഏകപക്ഷീയ നടപടിയില്‍ ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിപിഐയുടെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. പി.എം ശ്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.