വാഷിങ്ടണ്‍: അമേരിക്കന്‍ പാസ്പോര്‍ട്ടുകളിലെ ലിംഗ സൂചകം 'പുരുഷന്‍' എന്നോ 'സ്ത്രീ' എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നയം നടപ്പിലാക്കാന്‍ യു.എസ് സുപ്രീം കോടതി അനുമതി നല്‍കി. കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
ഇതുപ്രകാരം രാജ്യത്തെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവരുടെ ലിംഗസ്വത്വം പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്താനാവില്ല. ട്രംപ് ഭരണകൂടം നിരന്തരമായി നടപ്പാക്കണമെന്ന് വാദിച്ച ഈ നയത്തിന് സുപ്രീം കോടതി പച്ചക്കൊടി കാട്ടുകയായിരുന്നു.
ലിംഗ സ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ 'ത' എന്നോ തിരഞ്ഞെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന് കീഴ്ക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
അതേസമയം കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ ഈ വിധിയോട് വിയോജിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അപകടപ്പെടുത്താന്‍ ഈ വിധി വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.
പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് വ്യക്തമാക്കി കഴിഞ്ഞ ജനുവരിയില്‍ ട്രംപ് ഒരു എക്സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പാസ്പോര്‍ട്ട് നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ഇവ രണ്ടുമല്ലാത്ത ലിംഗ ഭേദത്തിന് അംഗീകാരം ഇല്ലാതാക്കുകയും ചെയ്തു.
1970 കളിലാണ് യു.എസ് പാസ്പോര്‍ട്ടുകളില്‍ ലിംഗപരമായ സൂചകങ്ങള്‍ ഉള്‍പ്പെടുത്തിത്തുടങ്ങിയത്. 90 കളുടെ തുടക്കത്തില്‍ ഡോക്ടറുടെ കുറിപ്പ് അടിസ്ഥാനത്തില്‍ അപേക്ഷകര്‍ക്ക് ഇത് മാറ്റാനുള്ള അനുമതി നല്‍കി.
തുടര്‍ന്ന് ജോ ബൈഡന്‍ പ്രസിഡന്റായ 2021 ല്‍ രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുകയും ട്രാന്‍സ്ജെന്‍ഡര്‍ അപേക്ഷകര്‍ക്കായി 'എക്സ്' എന്ന മൂന്നാമതൊരു ഒപ്ഷന്‍ നല്‍കുകയും ചെയ്തു.
2025 ജനുവരിയില്‍ പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തിയതു മുതല്‍ രണ്ട് ലിംഗങ്ങളേയുള്ളൂ എന്ന നിലപാട് ട്രംപ് സ്വീകരിച്ചിരുന്നു. പിന്നാലെ അമേരിക്കന്‍ സൈന്യത്തില്‍ ചേരുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളെ വിലക്കി. ഇതിനും സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.