ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതിയാണ് സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പ്രമേയം പാസാക്കിയത്.
തീവ്രവാദത്തെ പൂര്‍ണമായും അടിച്ചമര്‍ത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. സംഭവത്തിന് പിന്നില്‍ ദേശ വിരുദ്ധ ശക്തികളാണെന്ന് മന്ത്രിസഭ വിലയിരുത്തി. ഭീകരതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ശക്തമായ അന്വേഷണം നടത്തി സ്പോണ്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 10 ന് ചെങ്കോട്ടയ്ക്ക് സമീപം ദേശവിരുദ്ധ ശക്തികള്‍ നടത്തിയ കാര്‍ സ്‌ഫോടനം ഒരു തീവ്രവാദ ആക്രമണമാണ്. കാലതാമസമില്ലാതെ തന്നെ കുറ്റവാളികളെയും അവരുടെ കൂട്ടാളികളെയും കണ്ടെത്താനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഴിയുന്ന തരത്തില്‍ ഈ ഭീകരാക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ പ്രമേയം വായിച്ചുകൊണ്ട് അശ്വിനി വൈഷ്ണവ് പറഞ്ഞു.
അതേസമയം സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാര്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമര്‍ വാങ്ങിയ ചുവപ്പ് ഫോര്‍ഡ് എക്കോസ്പോര്‍ട്ട് കാറാണ് പൊലീസ് കണ്ടെത്തിയത്. ഹരിയാനയിലെ ഫാം ഹൗസില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വാഹനത്തിന്റെ രണ്ടാമത്തെ ഉടമയാണ് ഉമര്‍. ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഹരിയാനയിലെ ഫാം ഹൗസില്‍ നിന്ന് കാര്‍ കണ്ടെത്തിയത്.
ഈ രണ്ട് കാറുകള്‍ കൂടാതെ മൂന്നാമത് ഒരു കാര്‍ കൂടി ഉമറിന്റെ ഉടമസ്ഥതയിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത് കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.