തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറാണ് ഇന്ന് അറസ്റ്റിലായത്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു.
വിജയകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്നാണ് വിജയകുമാര്‍ പറഞ്ഞത്.
കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പത്മകുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിജയ കുമാറിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ കാര്യങ്ങള്‍ താന്‍ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും ഭരണ സമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി.
അന്വേഷണത്തിന്റെ വിശ്വാസ്യത സംശയം ജനിപ്പിക്കുന്നതാണെന്നും പ്രതി ചേര്‍ക്കുന്നവരുടെ കാര്യത്തില്‍ വിവേചനം കാണിക്കുന്നുണ്ടെന്നുമാണ് ഹൈക്കോടതി വിമര്‍ശിച്ചത്. 2019 ലെ ദേവസ്വം ബോര്‍ഡംഗങ്ങള്‍ക്കും തന്ത്രിക്കും കുരുക്കാവുന്ന മൊഴികളും വിവരങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും എസ്‌ഐടി അവരോട് മൃദുനിലപാടെടുക്കുന്നുവെന്ന ആരോപണമുണ്ട്.
രാഷ്ട്രീയ നേതൃത്വത്തിലേക്കും അന്വേഷണം നീണ്ടിട്ടില്ല. പോറ്റി ശബരിമലയില്‍ പ്രവര്‍ത്തിച്ചിരുന്നത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണെന്നും ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണെന്നുമാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. രണ്ട് തന്ത്രിമാരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.