മുംബൈ: മഹാരാഷ്ട്രയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക നാഗ്പൂര്‍ മിഷനിലെ പുരോഹിതന്‍ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കാണാന്‍ സ്റ്റേഷനിലെത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ ബെനോഡ പൊലീസാണ് കേസെടുത്തത്.
അതിക്രമം നടത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും സുഹൃത്തായ പാസ്റ്ററുടെ വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോയപ്പോഴായിരുന്നു ബജ്‌റംഗ്ദള്‍ സംഘം എത്തിയതെന്നും വൈദികന്റെ ഭാര്യ ജാസ്മിന്‍ പറഞ്ഞു. ഈ സംഘത്തില്‍ നിന്ന് നേരത്തെ വധഭീഷണി ഉള്‍പ്പെടെ നേരിട്ടിട്ടുണ്ട്.
ഒരാളെയും തങ്ങള്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ബജ്‌റംഗ്ദള്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുക്കുന്നത് എന്നാണ് പൊലീസ് പറഞ്ഞത്. ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍, എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ എല്ലാവരും പൊലീസ് കസ്റ്റഡിയിലാണ്.
നാഗ്പൂരിലെ ഷിംഗോഡിയില്‍ വെച്ചാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തെന്നാണ് സിഎസ്‌ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചു.
അറസ്റ്റിനെ തുടര്‍ന്ന് സിഎസ്ഐ സഭയുടെയുടെ പ്രതിനിധികള്‍ സ്റ്റേഷനിലെത്തി ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതിയില്‍ എത്താനാണ് പൊലീസ് പറഞ്ഞത്. എഫ്ഐആറിന്റെ പകര്‍പ്പും ഇവര്‍ക്ക് നല്‍കിയിട്ടില്ല. തിരുവനന്തപുരം അമരവിള സ്വദേശിയായ സുധീര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മഹാരാഷ്ട്രയിലാണ്. അറസ്റ്റിലായ ബാക്കി പത്തുപേരും മഹാരാഷ്ട്ര സ്വദേശികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.