മലിന ജലം കുടിച്ചു: മധ്യപ്രദേശില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം; നൂറോളം പേര്‍ ഗുരുതരാവസ്ഥയില്‍

മലിന ജലം കുടിച്ചു: മധ്യപ്രദേശില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം; നൂറോളം പേര്‍ ഗുരുതരാവസ്ഥയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് ഏഴ് പേര്‍ മരിച്ചു. മധ്യപ്രദേശിലെ ഭഗീരഥപുരയിലാണ് സംഭവം. നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ നന്ദലാല്‍ പാല്‍(70), ഊര്‍മ്മിള യാദവ് (60), താര(65) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഡയേറിയ ബാധിച്ചാണ് മരിച്ചതെന്നാണ് വിവരം.

ബുധനാഴ്ച ഇന്‍ഡോര്‍ മേയറാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദേഹം പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് 2703 വീടുകളില്‍ പരിശോധന നടത്തി. ഏകദേശം 12000 പേരെ പരിശോധിക്കുകയും നേരിയ രോഗലക്ഷണങ്ങളുള്ള 1146 രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഒട്ടേറെ മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വെള്ളം പരിശോധിക്കുന്നതിനായി സാമ്പിളുകളും ശേഖരിച്ചു. കുടിവെള്ളത്തില്‍ മലിന ജലം കലര്‍ന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളം കുടിച്ചതിന് ശേഷം ഛര്‍ദ്ദി, വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെട്ടതായി ചികിത്സയില്‍ ഉള്ളവര്‍ പറഞ്ഞു.

അതേസമയം ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ്‌ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതായി മുനിസിപ്പല്‍ കമ്മീഷണര്‍ അറിയിച്ചു. പൈപ്പ് ലൈനിന് മുകളില്‍ ഒരു ടോയ്ലറ്റ് നിര്‍മിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതാണോ മലിനീകരണത്തിന്റെ കാരണമെന്നതില്‍ വ്യക്തത വന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.