2025 ല്‍ കാശ്മീരില്‍ തീവ്രവാദ ബന്ധമുള്ള മരണങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

2025 ല്‍ കാശ്മീരില്‍ തീവ്രവാദ ബന്ധമുള്ള മരണങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 2025 ല്‍ തീവ്രവാദ ബന്ധമുള്ള മരണങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി തീവ്രവാദ ബന്ധമുള്ള വാര്‍ഷിക മരണസംഖ്യ 100 ന് താഴെയെത്തിയെന്നാണ് റിപ്പോര്‍ട്ട്.

2025 ല്‍ തീവ്രവാദ ബന്ധമുള്ള സംഭവത്തില്‍ 92 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും ഉള്‍പ്പെടുന്നു. 46 തീവ്രവാദികള്‍ ഉണ്ടായിരുന്നതായാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍ പൗരന്മാരാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മരണ സംഖ്യ സ്ഥിരമായി 100 കടന്നിരുന്നു. 2024 ല്‍ 127 പേരാണ് ഇത്തരത്തില്‍ മരിച്ചത്. 2023 ല്‍ 134, 2022 ല്‍ 253, 2021 ല്‍ 274, 2020 ല്‍ 321 എന്നിങ്ങനെയായിരുന്നു മരണ സംഖ്യ.

ഈ വര്‍ഷം 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം മരിച്ച സാധാരണക്കാരുടെ എണ്ണം 28 ആണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരെ കൂടുതലായിരുന്ന 2020 ല്‍ 232 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അതേസമയം സുരക്ഷാ സേനയുടെ ജീവഹാനി 56 ആയിരുന്നു.

2024 ലെ കണക്കുകളനുസരിച്ച് 69 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 26 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 31 സാധാരണക്കാരുടെ മരണങ്ങളും രേഖപ്പെടുത്തി. നിയന്ത്രണ രേഖയുടെ (LoC) കാര്യത്തില്‍, നുഴഞ്ഞുകയറ്റ വിരുദ്ധ നടപടികള്‍ സുരക്ഷാ സേന കര്‍ശനമാക്കിയതിനാല്‍ 2025 ല്‍ 13 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയാന്‍ സാധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2000 ത്തില്‍ 2799 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ തൊട്ടടുത്ത വര്‍ഷം ഇത് 4011 ആയിരുന്നു. ആ വര്‍ഷം മാത്രം 628 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതും ഈ വര്‍ഷം തന്നെയാണ് 2345 പേര്‍. തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പിന്നീട് കുറഞ്ഞു. 2007 ല്‍ ആദ്യമായി ഇത്തരം മരണങ്ങള്‍ ആയിരത്തിന് താഴെയായെന്നും പിന്നീട് ഇത് കുറഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

തീവ്രവാദ ശൃംഖലകളെ തകര്‍ക്കാന്‍ കാശ്മീര്‍ താഴ്‌വരയില്‍ 2025 ല്‍ സുരക്ഷാ സേന 3000 റെയ്ഡുകള്‍ നടത്തിയിരുന്നു. അതേസമയം നിലവില്‍ ജമ്മു കാശ്മീരില്‍ഏകദേശം 132 തീവ്രവാദികള്‍ സജീവമായിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ 122 പേര്‍ വിദേശ തീവ്രവാദികളാണ് പ്രധാനമായും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്.

2025 ല്‍ വിദേശ തീവ്രവാദികളുടെ സാന്നിധ്യത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രാദേശിക റിക്രൂട്ട്‌മെന്റ് കുറഞ്ഞു. 2025 ല്‍ കാശ്മീരിയായ ഒരാള്‍ മാത്രമാണ് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.