അശ്ലീല ഉള്ളടക്കം: എക്‌സിന് നോട്ടീസയച്ച് കേന്ദ്രം; 72 മണിക്കൂറിനകം മറുപടി നല്‍കാന്‍ നിര്‍ദേശം

 അശ്ലീല ഉള്ളടക്കം: എക്‌സിന് നോട്ടീസയച്ച് കേന്ദ്രം; 72 മണിക്കൂറിനകം മറുപടി നല്‍കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: വിവാദ എഐ ഇമേജ് എഡിറ്റുകള്‍ക്കെതിരെ സമൂഹമാധ്യമായ എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍ എക്‌സിലെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക് ഉപയോഗിച്ച് മോശം രീതിയില്‍ എഡിറ്റ് ചെയ്യുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.

ലൈംഗിക ചുവയുള്ള രീതിയില്‍ കുട്ടികളുടെ അടക്കം ചിത്രങ്ങള്‍ എഐ എഡിറ്റ് ചെയ്തിട്ടും അത് നിയന്ത്രിക്കാനോ നീക്കം ചെയ്യാനോ എക്‌സ് ഒരു ശ്രമവും നടത്തിയിരുന്നില്ല. എഐ ദുരുപയോഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് കേന്ദ്ര നടപടി. എഴുപത്തിരണ്ട് മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടും 2021 ലെ ഐടി നിയമങ്ങളും പ്രകാരമുള്ള നിയമപരമായ ജാഗ്രത പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എക്‌സിന് നോട്ടീസ് നല്‍കിയത്. സ്ത്രീകളെ ലക്ഷ്യം വച്ചുള്ള അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനും എക്സിന്റെ എഐ സേവനമായ ഗ്രോക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഗ്രോക് ഉപയോഗിച്ച് ഉപയോക്താക്കള്‍ സിന്തറ്റിക് ഇമേജുകളും വീഡിയോകളും സൃഷ്ടിച്ച് അവഹേളിക്കുന്ന രീതിയില്‍ സ്വകാര്യതയും അന്തസും ലംഘിച്ചുവെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് തടയുന്നതിനായി ഗ്രോക്കിന്റെ സാങ്കേതിക, ഭരണ ചട്ടക്കൂടുകളുടെ സമഗ്രമായ അവലോകനം നടത്താന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. തെളിവുകള്‍ നശിപ്പിക്കാതെ കുറ്റകരമായ ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.