തൊണ്ടിമുതൽ തിരിമറി കേസ്: മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരൻ; ശിക്ഷ പിന്നീട്

തൊണ്ടിമുതൽ തിരിമറി കേസ്: മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരൻ; ശിക്ഷ പിന്നീട്

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ആൻ്റണി രാജു. ഒന്നാം പ്രതി ക്ലാർക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

ഐ.പി സി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 -സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസ വഞ്ചന, 120 B - ഗുഢാലോചന, 420- വഞ്ചന, 201- വെളിനശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകൻ്റെ നിയമലംഘനം, 465 - വ്യാജരേഖ ചമക്കൽ, 468 എന്നീ വകുപ്പുകളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയത്.

പത്ത് വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി.

1990 ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്ത് വർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.

അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞ മാസം 16 ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.