വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്; വിമര്‍ശനവുമായി ഗുസ്താവോ പെട്രോ

വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്; വിമര്‍ശനവുമായി ഗുസ്താവോ പെട്രോ

വാഷിങ്ടണ്‍: വെനസ്വേലയില്‍ വ്യോമാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ അയല്‍രാജ്യമായ കൊളംബിയയ്ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.

കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കാണ് ട്രംപ് മുന്നറിയിപ്പ് സന്ദേശം നല്‍കിയിരിക്കുന്നത്. മയക്കുമരുന്നിന്റെ നിര്‍മാണവും കടത്തും തടഞ്ഞില്ലെങ്കില്‍ വെനസ്വേലയ്ക്ക് സമാനമായ അവസ്ഥയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കൊളംബിയയെ കൂടാതെ മെക്‌സിക്കോ, ക്യൂബ എന്നീ രാജ്യങ്ങള്‍ക്കും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ നടപടി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ പരമാധികാരത്തിന് നേരേയുള്ള ആക്രമണമെന്നാണ് ഗുസ്താവോ പെട്രോ വിശേഷിപ്പിച്ചത്.

അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന 'പ്രശ്‌നക്കാരായ അയല്‍ക്കാര്‍' എന്നാണ് കൊളംബിയ, മെക്‌സിക്കോ, ക്യൂബ എന്നീ രാജ്യങ്ങളെ ട്രംപ് വിശേഷിപ്പിച്ചത്. ഇതോടെ ട്രംപ് ഈ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം കടുപ്പിച്ചിരിക്കുകയാണ്. പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് ക്യൂബയെന്ന് ട്രംപ് പറഞ്ഞു.

മെക്‌സിക്കോയിലെ ഭരണം നിയന്ത്രിക്കുന്നത് മയക്കുമരുന്ന് മാഫിയകളാണെന്ന് അദേഹം ആരോപിച്ചു. അവിടെ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. കൊളംബിയയില്‍ മൂന്ന് പ്രധാന കൊക്കെയ്ന്‍ ഫാക്ടറികളുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചു. ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിര്‍മാണത്തില്‍ പങ്കാളിയാണെന്നും അദേഹം പറഞ്ഞു.

മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ ബോമിനെയും ട്രംപ് വിമര്‍ശിച്ചു. മെക്‌സിക്കന്‍ പ്രസിഡന്റ് നല്ല സ്ത്രീയാണെങ്കിലും അവര്‍ രാജ്യത്ത് നല്ല രീതിയില്‍ ഭരണം നടത്തുന്നില്ല. കാര്‍ട്ടലുകളാണ് മെക്‌സിക്കോയെ നയിക്കുന്നത്, അവരെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അതിനായി ഞാന്‍ പലതവണ ക്ലോഡിയയോട് ചോദിച്ചു. അതിന് ക്ലോഡിയ അനുകൂല മറുപടി നല്‍കിയില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കാമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സൂചന നല്‍കി. ഫിഡല്‍ കാസ്‌ട്രോയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ക്യൂബന്‍ പ്രവാസികള്‍ നയിച്ച 1961 ലെ ബേ ഓഫ് പിഗ്‌സ് അധിനിവേശത്തെ പിന്തുണച്ചതുള്‍പ്പെടെ ലാറ്റിനമേരിക്കയില്‍ സൈനിക ഇടപെടലുകളുടെ ഒരു നീണ്ട ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.