'കടിക്കാതിരിക്കാന്‍ നായകള്‍ക്ക് ഇനി കൗണ്‍സിലിങ് നല്‍കാം': മൃഗ സ്നേഹികള്‍ക്ക് സുപ്രീം കോടതിയുടെ പരിഹാസം

'കടിക്കാതിരിക്കാന്‍ നായകള്‍ക്ക് ഇനി കൗണ്‍സിലിങ് നല്‍കാം': മൃഗ സ്നേഹികള്‍ക്ക് സുപ്രീം കോടതിയുടെ പരിഹാസം

ന്യൂഡല്‍ഹി: തെരുവുനായകളുടെ പെരുമാറ്റം മുന്‍കൂട്ടി അറിയാന്‍ പറ്റാത്തതിനാല്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, കോടതികള്‍ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളില്‍ അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിര്‍ക്കുന്നതെന്ന് മൃഗ സ്‌നേഹികളോട് സുപ്രീം കോടതി.

കടിച്ചു കീറാനുള്ള അവസ്ഥയിലാവുമ്പോള്‍ അവയുടെ പെരുമാറ്റം ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയില്ല. തങ്ങളുടെ പരിഷ്‌കരിച്ച ഉത്തരവ് സ്ഥാപനപരമായ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണെന്നും പൊതുറോഡുകളില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

അപകടകാരികളായ നായ്ക്കളെ പെരുമാറ്റംകൊണ്ടു മാത്രം തിരിച്ചറിയുന്നത് അസാധ്യമാണെന്നും റോഡുകളിലും തെരുവുകളിലും നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

'നായ്ക്കളുടെ കടി മാത്രമല്ല കാര്യം. അവ ഉണ്ടാക്കുന്ന മറ്റു ഭീഷണികള്‍ കൂടിയുണ്ട്, അപകടങ്ങളുള്‍പ്പെടെ. എങ്ങനെ തിരിച്ചറിയാന്‍ കഴിയും? രാവിലെ ഏത് നായ എന്ത് മാനസികാവസ്ഥയില്‍ ആയിരിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല.' ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. കടിക്കാതിരിക്കാന്‍ നായ്ക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമേ ഇനി ചെയ്യാനായി ബാക്കിയുള്ളുവെന്നും കോടതി പരിഹസിച്ചു.

തെരുവുകള്‍ക്കും സ്ഥാപനപരമായ സ്ഥലങ്ങള്‍ക്കും ഇടയിലെ വ്യത്യാസം ജസ്റ്റിസ് മേത്ത ചൂണ്ടിക്കാട്ടി. കോടതി പരിസരങ്ങളിലും സ്‌കൂളുകളിലും ആശുപത്രികളിലും എന്തിനാണ് നായ്ക്കളുടെ ആവശ്യമെന്ന് ജസ്റ്റിസ് മേത്ത ചോദിച്ചു. സ്ഥാപനങ്ങള്‍ തെരുവുകളല്ലെന്നും അവ സുരക്ഷിതമായി വെക്കണമെന്നും അദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവം വര്‍ധിക്കുന്നതു കണക്കിലെടുത്ത് നായ്ക്കളെ വന്ധ്യംകരണത്തിനും വാക്സിനേഷനും ശേഷം ഷെല്‍ട്ടറുകളിലേക്ക് മാറ്റാന്‍ 2025 നവംബറില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

കേസിലെ വാദം നാളെയും തുടരും. സംസ്ഥാനങ്ങളോട് ഇതുവരെ സ്വീകരിച്ച നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ഹൈവേകള്‍, ദേശീയ ഹൈവേകള്‍, എക്സ്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ നിന്ന് കന്നുകാലികളെയും മറ്റ് തെരുവു മൃഗങ്ങളെയും നീക്കം ചെയ്യുന്നത് അധികൃതര്‍ ഉറപ്പാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.