പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

 പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

മുംബൈ: ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നല്‍കിയ മുതിര്‍ന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് പൂനയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് പൂനയിലെ വൈകുണ്ഡ് ശ്മശാനത്തില്‍.

ആറ് പതിറ്റാണ്ടോളം നീണ്ട തന്റെ ശാസ്ത്ര ജീവിതത്തില്‍ എന്നും ഒരു ജനപക്ഷ ശാസ്ത്രജ്ഞന്‍ ആയിട്ടാണ് അദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദേഹം, പരിസ്ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024 ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദേഹത്തെ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് ആയി തിരഞ്ഞെടുത്തിരുന്നു.

1942 മെയ് 24 ന് പൂനയിലായിരുന്നു ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തികശാസ്ത്ര വിദഗ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താല്‍ അദേഹത്തിന്റെ കുട്ടികളുടെ പൂണൂല്‍ ചടങ്ങ് നടത്തിയില്ല. പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ച ശേഷം മാധവ് ഗണിത പരിസ്ഥിതി ശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി.

1973 മുതല്‍ 2004 വരെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായിരിക്കുമ്പോള്‍ അദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിച്ചു. ഗാഡ്ഗില്‍ സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും സന്ദര്‍ശക പ്രഫസര്‍ ആയിരുന്നിട്ടുണ്ട്.

ജനസംഖ്യാ ശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയില്‍ ഇരുന്നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2002 ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി ആക്ട് ഉണ്ടാക്കിയ സമിതിയില്‍ ഡോ. ഗാഡ്ഗില്‍ അംഗമായിരുന്നു. പശ്ചിമഘട്ട ജൈവ വിദഗ്ദ സമിതിയുടെ തലവനായിരുന്നു ഡോ. ഗാഡ്ഗില്‍. അദേഹത്തിന്റെ ആത്മകഥയുടെ പേര് തന്നെ പശ്ചിമഘട്ടം ഒരു പ്രണയകഥ എന്നായിരുന്നു.


ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാ അംഗത്വം, ശാന്തി സ്വരൂപ് ഭട്നഗര്‍ അവാര്‍ഡ്, വിക്രം സാരാഭായ് അവാര്‍ഡ്, ഈശ്വര വചന്ദ്ര വിദ്യാസാഗര്‍ അവാര്‍ഡ്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സെന്റെനിയല്‍ മെഡല്‍, വോള്‍വോ പാരിസ്ഥിതിക അവാര്‍ഡ്, പദ്മശ്രീ, പദ്മഭൂഷന്‍, കര്‍ണാടക സര്‍ക്കാരിന്റെ രാജ്യോല്‍സവ സമ്മാനം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ചും മാധവ് ഗാഡ്ഗില്‍ എന്ന പേര് വളരെ പ്രധാനമാണ്. 2010 ലാണ് കേന്ദ്ര സര്‍ക്കാര്‍ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാനായി ഗാഡ്ഗില്‍ സമിതിയെ നിയമിച്ചത്. പശ്ചിമ ഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും മാധവ് ഗാഡ്ഗില്‍ നിര്‍ദേശിച്ച കര്‍ശന നിയന്ത്രണങ്ങള്‍ കേരളത്തില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്.

നിര്‍മാണം, ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. രാഷ്ട്രീയ, മത, സാമുദായിക സംഘടനകള്‍ അടക്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗന്‍ സമിതിയെ നിയമിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.