ലണ്ടന്‍: സ്വേച്ഛാധിപത്യ ഭരണകൂട നയങ്ങള്‍ക്കെതിരെ ഇറാനില്‍ നടക്കുന്ന പൊതുജന പ്രക്ഷോഭം ഇതര രാജ്യങ്ങളിലും തരംഗമാകുന്നു.
ലണ്ടനിലെ ഇറാനിയന്‍ എംബസി കെട്ടിടത്തിന് മുകളില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക പതാക താഴെയിറക്കി 1979 ന് മുമ്പുള്ള ഇറാനിയന്‍ പതാക ഉയര്‍ത്തി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കെന്‍സിങ്ടണിലെ ഇറാനിയന്‍ എംബസി കെട്ടിടത്തിന്റെ മുന്‍വശത്തെ ബാല്‍ക്കണിയിലേക്ക് വലിഞ്ഞു കയറിയ പ്രതിഷേധക്കാര്‍ ഇറാന്റെ നിലവിലുള്ള ഔദ്യോഗിക പതാക മാറ്റി പകരം 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനില്‍ നിലനിന്നിരുന്ന 'സിംഹവും സൂര്യനും' അടയാളമുള്ള പതാക ഉയര്‍ത്തുകയായിരുന്നു.
താഴെ തടിച്ചു കൂടിയിരുന്ന പ്രതിഷേധക്കാര്‍ വലിയ കൈയടികളോടും മുദ്രാവാക്യങ്ങളോടും കൂടിയാണ് ഈ പ്രവൃത്തിയെ സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്. പതാക മാറ്റിയ വ്യക്തി അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം ലണ്ടനിലെ ഇറാനിയന്‍ എംബസി ഈ സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ലണ്ടനിലും ഇത്തരമൊരു പ്രതിഷേധം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഡിസംബര്‍ 28 ന് ഇറാനില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ഭരണകൂടത്തിന് നേരെയുള്ള വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഇറാനില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും 2,300 ലധികം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇറാന്‍ അധികൃതര്‍ രാജ്യത്തുടനീളം ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.