ന്യൂഡല്‍ഹി: ആഭ്യന്തര പ്രക്ഷോഭം കത്തിപ്പടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വലിയ വെല്ലുവിളിയാണ്.
ഇറാനിലെ 31 പ്രവിശ്യകളിലായി 180 ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ഏകദേശം 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ ആളുകള്‍ തെരുവിലിറങ്ങിയതായാണ് ഇന്റലിജന്‍സ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രണ്ടാഴ്ച പിന്നിട്ട പ്രക്ഷോഭത്തില്‍ ഇതുവരെ കുറഞ്ഞത് 116 പേര്‍ കൊല്ലപ്പെടുകയും 2,600 ഓളം പേരെ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലാന്‍ഡ്‌ലൈന്‍ വിച്ഛേദിക്കപ്പെട്ടതും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതും മൂലം രാജ്യത്തെ യഥാര്‍ഥ സാഹചര്യം വിലയിരുത്തുന്നത് വിദേശ രാജ്യങ്ങള്‍ക്ക് പ്രയാസമായി മാറിയിരിക്കുകയാണ്.
പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും ഇറാനില്‍ ഉടനടി ഒരു ഭരണമാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ യഥാര്‍ഥ അധികാരം പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനിയുടെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെയും കൈകളിലാണ്.
ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ 30 മുതല്‍ 40 ശതമാനം വരെ ഊര്‍ജം, നിര്‍മാണം, ടെലികോം എന്നീ മേഖലകളിലൂടെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ആണ് നിയന്ത്രിക്കുന്നത്. ഏകദേശം 1.5 ലക്ഷം സൈനികരും 10 ലക്ഷത്തോളം വരുന്ന ബാസിജ് മിലിഷ്യയും ഭരണകൂടത്തിന് കാവലായുണ്ട്. വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ കൂടിയായതിനാല്‍ സൈനിക നേതൃത്വത്തില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.