മിസിസിപ്പിയിൽ ചരിത്രപ്രസിദ്ധമായ സിനഗോഗിന് തീയിട്ടു; പ്രതി പിടിയിൽ; വിദ്വേഷ കുറ്റകൃത്യമെന്ന് സംശയം

മിസിസിപ്പിയിൽ ചരിത്രപ്രസിദ്ധമായ സിനഗോഗിന് തീയിട്ടു; പ്രതി പിടിയിൽ; വിദ്വേഷ കുറ്റകൃത്യമെന്ന് സംശയം

വാഷിങ്ടൺ : മിസിസിപ്പിയിലെ ജാക്സണിലുള്ള പ്രശസ്തമായ ബെത്ത് ഇസ്രയേൽ സിനഗോഗിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആരാധനാലയത്തിന് തീപിടിച്ചത്. പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ അവിടെ വെച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

സിനഗോഗിലെ ലൈബ്രറിക്കും ഭരണവിഭാഗം ഓഫീസിനും തീപിടുത്തത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. ചരിത്രപ്രസിദ്ധമായ രണ്ട് 'തോറ' ചുരുളുകൾ (യഹൂദ മതഗ്രന്ഥം) പൂർണമായും അഗ്നിക്കിരയായി. അഞ്ചെണ്ണത്തിന് ഭാഗികമായി കേടുപാടുകൾ പറ്റിയിട്ടുണ്ട്. തീ പടരുമ്പോൾ ആരും ഉള്ളിലില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

സംഭവം ഒരു വിദ്വേഷ കുറ്റകൃത്യമാണോഎന്നറിയാൻ എഫ്.ബി.ഐയും ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സും ജാക്സൺ പൊലീസിനൊപ്പം അന്വേഷണത്തിൽ പങ്കുചേരുന്നുണ്ട്. 1967-ൽ കു ക്ലക്സ് ക്ലാൻ ഭീകരസംഘടനയുടെ ബോംബാക്രമണത്തിന് ഇരയായ ചരിത്രമുള്ള സിനഗോഗാണിത്.

നശിച്ചുപോയ ഭാഗങ്ങൾ ഉടൻ പുനർനിർമ്മിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ജാക്സണിലെ ഏക സിനഗോഗാണ് ബെത്ത് ഇസ്രയേൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.