വത്തിക്കാൻ സിറ്റി : ലിയോ പതിനാലാമൻ മാർപാപ്പയുടെ ഈ വർഷത്തെ സ്പെയിൻ സന്ദർശനത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. പാപ്പയുടെ അപ്പസ്തോലിക യാത്രയിൽ തലസ്ഥാനമായ മാഡ്രിഡ്, ബാഴ്‌സലോണ, കാനറി ദ്വീപുകൾ എന്നിവ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് സ്പാനിഷ് കർദിനാൾ ജോസ് കോബോ സ്ഥിരീകരിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധികളുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദേഹം ഇക്കാര്യം അറിയിച്ചത്.
വത്തിക്കാനിലെ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ജനറൽ കാര്യങ്ങളുടെ ചുമതലയുള്ള ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാരയുമായി സ്പാനിഷ് സഭാനേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് സന്ദർശന കാര്യത്തിൽ ധാരണയായത്. ബാഴ്‌സലോണ ആർച്ച് ബിഷപ്പ് കർദിനാൾ ജുവാൻ ജോസ് ഒമെല്ല, സ്പാനിഷ് ബിഷപ്പ് കോൺഫറൻസ് (സിഇഇ) പ്രസിഡന്റ് ആർച്ച് ബിഷപ്പ് ലൂയിസ് അർഗുവെല്ലോ, സെക്രട്ടറി ജനറൽ ബിഷപ്പ് ഫ്രാൻസിസ്കോ സീസർ ഗാർസിയ മാഗൻ, കാനറി ദ്വീപുകളുടെ ബിഷപ്പ് ജോസ് മസുലോസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
സന്ദർശനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾക്കായി സ്പാനിഷ് സർക്കാരുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായും കർദിനാൾ കോബോ വ്യക്തമാക്കി.
സ്പെയിനിലെ കത്തോലിക്കാ വിശ്വാസികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സന്ദർശനം രാജ്യത്തെ വിശ്വാസ സമൂഹത്തിന് വലിയ ഉണർവ് നൽകുമെന്നാണ് കരുതപ്പെടുന്നത്. കാനറി ദ്വീപുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പാപ്പയുടെ സന്ദർശനം ആഗോള ശ്രദ്ധയാകർഷിക്കുമെന്നുറപ്പാണ്. യാത്രയുടെ കൃത്യമായ തീയതികളും വിശദമായ സമയക്രമവും വരും ദിവസങ്ങളിൽ വത്തിക്കാൻ ഔദ്യോഗികമായി പുറത്തുവിടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.