സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അലിസ ഹീലി. നാട്ടില്‍ അരങ്ങേറാനിരിക്കുന്ന ഇന്ത്യന്‍ ടീമിനെതിരായ പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്നാണ് അലിസ അറിയിച്ചിരിക്കുന്നത്. 16 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരമാമിടുന്നത്.
വില്ലോ ടോക്ക് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് ആറ് മുതല്‍ ഒന്‍പത് വരെ പെര്‍ത്തില്‍ അരങ്ങേറുന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റായിരിക്കും അലിസ ഹീലിയുടെ വിരമിക്കല്‍ മത്സരം. വര്‍ഷങ്ങളായി താന്‍ ക്രിക്കറ്റ് കളിക്കുന്നു. തന്റെ മത്സര ശേഷി പതുക്കെ മങ്ങുന്നതായി അനുഭവപ്പെടുന്നു. അതിനാല്‍ വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ആലോചന തുടങ്ങിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
ഓസ്‌ട്രേലിയക്കായി 10 ടെസ്റ്റും 123 ഏകദിനങ്ങളും 162 ടി20 മത്സരങ്ങളും അലിസ ഹീലി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 3563 റണ്‍സും ടി20 യില്‍ 3054 റണ്‍സും ടെസ്റ്റില്‍ 489 റണ്‍സും നേടിയിട്ടുണ്ട്. 2010 ലായിരുന്നു അരങ്ങേറ്റം. കരിയറില്‍ ഭൂരിഭാഗവും മെഗ് ലാനിങിന്റെ കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു അവര്‍. 2023 ലാണ് ഓസീസ് ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനായി ചുമതലയേറ്റത്.

ഏക ദിനത്തില്‍ ഏഴ് സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടി20യില്‍ ഒരു സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറികളും ടെസ്റ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും നേടി. ഏകദിനത്തില്‍ 170 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 148 റണ്‍സും ടെസ്റ്റില്‍ 99 റണ്‍സുമാണ് ഉയര്‍ന്ന സ്‌കോറുകള്‍.
കൂടാതെ ഓസീസ് ടീമിനൊപ്പം എട്ട് ഐസിസി ലോകകപ്പുകള്‍ നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും അലിസയുടെ പേരിലാണ്. 2022 ല്‍ ഇംഗ്ലണ്ടിനെതിരെ 170 റണ്‍സ് നേടിയാണ് താരം ചരിത്രമെഴുതിയത്. രണ്ട് തവണ ഐസിസി വനിതാ ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ പുറത്താക്കലുകളും അലിസ ഹീലിയുടെ പേരിലാണ്.
മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലിയുടെ അനന്തരവളാണ് അലിസ ഹീലി. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യയും.
അതേസമയം അടുത്തിടെ നടന്ന വനിതാ പ്രീമിയര്‍ ലീഗ് 2026 ലേലത്തില്‍ അലിസ ഹീലിയെ ആരും ടീമിലെടുത്തിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.