ന്യൂഡല്‍ഹി: തെരുവുനായ നിയന്ത്രണത്തില്‍ കര്‍ശന നിലപാടുമായി സുപ്രീം കോടതി. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കോ വയോധികര്‍ക്കോ പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
നായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കും ആക്രമണങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് ആഗ്രഹമുള്ളവര്‍ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അത് ചെയ്യണം. പൊതുസ്ഥലങ്ങളില്‍ നായ്ക്കള്‍ അലഞ്ഞുതിരിയുന്നതും ആളുകളെ കടിക്കുന്നതും ഭയപ്പെടുത്തുന്നതും അനുവദിക്കാനാവില്ല. ഒമ്പത് വയസുള്ള ഒരു കുട്ടിയെ നായ ആക്രമിച്ചാല്‍ അതിന് ആരാണ് മറുപടി പറയുകയെന്നും കോടതി ചോദിച്ചു.
തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കുന്ന സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള പരാതികള്‍ കോടതി പരിശോധിക്കാന്‍ വിസമ്മതിച്ചു. ഇത് ക്രമസമാധാന പ്രശ്‌നമാണെന്നും താല്‍പര്യമുള്ളവര്‍ക്ക് എഫ്ഐആര്‍ ഫയല്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
തെരുവുനായ പ്രശ്‌നത്തില്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട പല വാദങ്ങളും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് നിരീക്ഷിച്ച ബെഞ്ച്, കുട്ടികളെയും വയോധികരെയും നായ്ക്കള്‍ ക്രൂരമായി ആക്രമിക്കുന്ന നിരവധി വീഡിയോകകളാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് വ്യക്തമാക്കി.
തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതില്‍ നഗരസഭകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. തെരുവുനായ്ക്കളെ അപ്പാടെ തെരുവില്‍ നിന്ന് മാറ്റാന്‍ തങ്ങള്‍ ഉത്തരവിട്ടിട്ടില്ലെന്നും എന്നാല്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.