തൃശൂര്‍: അറുപത്തി നാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ തിരിതെളിയും. തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന്‍ ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.എസ് ശിവന്‍കുട്ടി അധ്യക്ഷനാകും.
രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍എസ്‌കെ ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. 25 വേദികളിലായി ഇന്ന് മുതല്‍ 18 വരെയാണ് കലോത്സവം നടക്കുക. 15000 ത്തില്‍ അധികം കലാപ്രതിഭകള്‍ 249 ഇനങ്ങളിലായി മാറ്റുരയ്ക്കും.
തൃശൂര്‍ പൂരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പാണ്ടി മേളവും 64 കുട്ടികള്‍ അണിനിരക്കുന്ന വര്‍ണാഭമായ കുടമാറ്റവും നടക്കും. 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ സൂചിപ്പിച്ചാണ് 64 കുട്ടികള്‍ അണിനിരക്കുന്നത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്വാഗതത്തിന്റെ അവതരണം നടക്കും. ബി.കെഹരിനാരായണനാണ് കലോത്സവ സ്വാഗത ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലോത്സവ തീം സോങ് പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഒരുക്കിയത്.
കലോത്സവത്തിന്റെ ആപ്തവാക്യമായ 'ഉത്തരവാദിത്വ കലോത്സവം' സംബന്ധിച്ച് ഉദ്ഘാടന വേദിയില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വിശദീകരിക്കും. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുക. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലവറയില്‍ ഭക്ഷണ വിഭവങ്ങളൊരുക്കുന്നത്. വേദികളില്‍ ആംബുലന്‍സ്, കുടിവെള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 20 സ്‌കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലാ ഇടത്തും പൊലീസ് നിരീക്ഷണം ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.