നിക്കരാഗ്വയിൽ പരസ്യമായി പ്രാർത്ഥിക്കുന്നത് കുറ്റകൃത്യം; ബൈബിളിന് നിരോധനം, വൈദികർക്ക് നാടുകടത്തൽ; വെളിപ്പെടുത്തലുമായി ഗവേഷക

നിക്കരാഗ്വയിൽ പരസ്യമായി പ്രാർത്ഥിക്കുന്നത് കുറ്റകൃത്യം; ബൈബിളിന് നിരോധനം, വൈദികർക്ക് നാടുകടത്തൽ; വെളിപ്പെടുത്തലുമായി ഗവേഷക

വാഷിങ്ടൺ : മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്ക്കും വിശ്വാസികൾക്കും എതിരെ ഭരണകൂടം നടത്തുന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് റിപ്പോർട്ട്. രാജ്യത്ത് പരസ്യമായി പ്രാർത്ഥിക്കുന്നത് പോലും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുവെന്ന് നിക്കരാഗ്വൻ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) മുമ്പാകെ വെളിപ്പെടുത്തി.

പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണത്തിന് കീഴിൽ 2018 ഏപ്രിൽ മുതൽ വൈദികർക്കും കന്യാസ്ത്രീകൾക്കും അൽമായർക്കും എതിരെ 19,836 ആക്രമണങ്ങൾ നടന്നതായാണ് കണക്കുകൾ.

ക്രൈസ്തവ വിശ്വാസത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യത്തേക്ക് ബൈബിളുകൾ കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുകയാണ്. കത്തോലിക്കർ ആരാധനയ്ക്കായി ഉപയോഗിക്കുന്ന രൂപങ്ങൾ നിർമ്മിക്കുന്ന വർക്ക്ഷോപ്പുകൾ പോലും ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണ്.

കുട്ടികളെ പോലും ഭരണകൂടം വെറുതെ വിടുന്നില്ലെന്ന് മോളിന കമ്മീഷനെ അറിയിച്ചു. പള്ളികളിലെ അൾത്താര ബാലന്മാരെ പോലീസ് നിരീക്ഷിക്കുകയും, അവർക്ക് മനസ്സിലാകാത്ത രേഖകളിൽ നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്യുന്നു. ഇതിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചാൽ മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തുന്നത്. യേശുവിന്റെ മരണശേഷം ശിഷ്യന്മാർ ഭയന്നതുപോലെയാണ് നിക്കരാഗ്വയിലെ കത്തോലിക്കർ ഇപ്പോൾ കഴിയുന്നതെന്ന് മോളിന പറഞ്ഞു.

വൈദിക വിദ്യാർത്ഥികൾ പഠിക്കുന്ന സെമിനാരികളും 13 സർവകലാശാലകളും സർക്കാർ അടച്ചുപൂട്ടി. 304 വൈദികരെയും കന്യാസ്ത്രീകളെയുമാണ് ഇതിനകം നാടുകടത്തിയത്. പലരെയും രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഇതോടെ പല രൂപതകളിലും 30 മുതൽ 40 ശതമാനം വരെ വൈദികർ മാത്രമാണ് അവശേഷിക്കുന്നത്. ഉൾനാടൻ ഗ്രാമങ്ങളിൽ കുമ്പസാരം ഉൾപ്പെടെയുള്ള കൂദാശകൾ സ്വീകരിക്കാൻ വിശ്വാസികൾക്ക് കഴിയാത്ത സാഹചര്യമാണ്.

നിക്കരാഗ്വയ്ക്ക് പുറമെ ചൈന, നൈജീരിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ മതപീഡനങ്ങളെക്കുറിച്ചും കമ്മീഷൻ തെളിവെടുപ്പ് നടത്തി. ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ അടിച്ചമർത്തലാണ് സ്വതന്ത്ര ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്നതെന്ന് സാക്ഷികൾ മൊഴി നൽകി. പാസ്റ്റർമാരെ ജയിലിലടയ്ക്കുന്നതും കുരിശുകൾ നീക്കം ചെയ്യുന്നതും അവിടെ തുടരുകയാണ്.

മതസ്വാതന്ത്ര്യ ലംഘനങ്ങൾക്കെതിരെ യുഎസ് ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും, നിക്കരാഗ്വൻ ഭരണാധികാരികൾക്കെതിരെ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ വേണമെന്നും കമ്മീഷൻ ഹിയറിംഗിൽ ആവശ്യമുയർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.