മണിപ്പൂര്‍: മണിപ്പൂര്‍ കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. പരിക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20 കാരി ജനുവരി 10 നാണ് മരണത്തിന് കീഴടങ്ങിയത്.
2023 മെയില്‍ ഉണ്ടായ സംഭവത്തെ തുടര്‍ന്ന് ശാരീരിക പരിക്കുകളില്‍ നിന്നും മാനസിക ആഘാതത്തില്‍ നിന്നും യുവതി കരകയറിയിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. ശാരീരിക പരിക്കുകള്‍ കാരണം ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടായതായും യുവതിയുടെ അമ്മ പറഞ്ഞു.
കുക്കി വിഭാഗത്തില്‍പെട്ട യുവതിയെ മെയ്‌തേയ് വിഭാഗത്തിലുള്ളവരാണ് പീഡനത്തിനിരയാക്കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടക്കം ഇടപെട്ട സംഭവത്തില്‍ യുവതിക്ക് നീതി കിട്ടിയിരുന്നില്ല. കറുത്ത ഷര്‍ട്ടുകള്‍ ധരിച്ച നാല് ആയുധധാരികളായ പുരുഷന്മാര്‍ ഒരു കുന്നിന്‍ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കലാപത്തില്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത മെയ്‌തേയ് ഗ്രൂപ്പിലെ അരാംബായ് ടെങ്കോള്‍ അംഗങ്ങളാണ് കറുത്ത ഷര്‍ട്ടുകള്‍ ധരിച്ചിരുന്നത്.
കഠിനമായ പരുക്കുകളോടെ രക്ഷപ്പെട്ട യുവതിക്ക് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിനാല്‍ പീഡനം നടന്ന് രണ്ട് മാസത്തിന് ശേഷമായിരുന്നു പൊലീസില്‍ പരാതി നല്‍കാന്‍ ആയത്. 2023 ജൂലൈ 22 ന് കേസ് സിബിഐക്ക് കൈമാറി. രണ്ട് വര്‍ഷത്തിലേറെ ആയിട്ടും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇംഫാലിലെ ന്യൂ ചെക്കണ്‍ പ്രദേശത്തുള്ള സീകം സ്‌കൂളിലെ എടിഎം ബൂത്തിന് സമീപത്ത് നിന്നാണ് യുവതിയെ പര്‍പ്പിള്‍ നിറത്തിലുള്ള മാരുതി സ്വിഫ്റ്റില്‍ തട്ടിക്കൊണ്ടുപോയതെന്നാണ് എഫ്ഐആറിലും ദൃക്സാക്ഷികളും പറയുന്നത്.
തുടര്‍ന്ന് വാങ്‌ഖൈ അയന്‍പാലി പ്രദേശത്തേക്ക് കൊണ്ടുപോയ യുവതിയെ മെയ്‌തേയ് വനിതാ സിവില്‍ സൊസൈറ്റി ഗ്രൂപ്പിലെ അംഗങ്ങളും നിരവധി പുരുഷന്മാരും ചേര്‍ന്ന് ആക്രമിച്ചതായും ആരോപിക്കപ്പെടുന്നു. ബലാത്സംഗത്തിന് ശേഷം യുവതിയെ കൊല്ലണോ എന്ന് തര്‍ക്കിക്കുന്നതിനിടയില്‍ യുവതി കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് വീണു. പച്ചക്കറികള്‍ കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് അവിടെ നിന്ന് യുവതിയെ രക്ഷപ്പെടുത്തിയത്.
ഉടന്‍ തന്നെ ബിഷ്ണുപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പൊലീസുകാരന്‍ മെയ്‌തേയി ആണെന്ന് തിരിച്ചറിഞ്ഞ യുവതി തന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ റിക്ഷാ ഡ്രൈവറോട് അപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ യുവതിയെ കാങ്പോക്പിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി നാഗാലാന്‍ഡിലെ കൊഹിമയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
മരണത്തിന് കീഴടങ്ങുമ്പോള്‍ 22 വയസായിരുന്നു പ്രായം. താന്‍ അനുഭവിച്ച ക്രൂരതക്ക് നീതി ലഭിക്കാതെയാണ് അവള്‍ ഈ ലോകത്ത് നിന്ന് വിടവാങ്ങിയതെന്ന വേദനയിലാണ് കുടുംബം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.