ശുചിമുറിയിലെ ടിഷ്യു പേപ്പറില്‍ ബോംബ് ഭീഷണി: അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം; യാത്രക്കാര്‍ സുരക്ഷിതര്‍

ശുചിമുറിയിലെ ടിഷ്യു പേപ്പറില്‍ ബോംബ് ഭീഷണി: അടിയന്തര ലാന്‍ഡിങ്  നടത്തി ഇന്‍ഡിഗോ വിമാനം; യാത്രക്കാര്‍ സുരക്ഷിതര്‍

ലക്‌നൗ: വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ടിഷ്യൂ പേപ്പറില്‍ കണ്ട ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം. ഡല്‍ഹിയില്‍ നിന്നും ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ലക്‌നൗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.

വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ടിഷ്യൂ പേപ്പറില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 8.46 ഓടെ എടിസിയില്‍ സന്ദേശം ലഭിക്കുകയും തുടര്‍ന്ന് 9.17 ഓടെ വിമാനം ലക്‌നൗവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനം വളഞ്ഞു. ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയ വിമാനത്തില്‍ അതീവ ജാഗ്രതയോടെയാണ് പരിശോധനകള്‍ നടത്തിയത്. എട്ട് കൈകുഞ്ഞുങ്ങളടക്കം 230 യാത്രക്കാരും രണ്ട് പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷം സ്‌കാനിങ് ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിവരം ഉടന്‍ തന്നെ അധികൃതരെ അറിയിച്ചതായി ഇന്‍ഡിഗോ വക്താവ് വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതരുമായി ചേര്‍ന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.