കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് പാലാ സബ് കോടതിയുടെ വിധി. സംസ്ഥാന സര്‍ക്കാരും ഗോസ്പല്‍ ഫോര്‍ ഏഷ്യയും (അയന ചാരിറ്റബിള്‍ ട്രസ്റ്റ്) തമ്മിലുള്ള കേസിലായിരുന്നു കോടതി വിധി.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉള്‍പ്പെടെ 2570 ഏക്കര്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതിന് എതിര്‍പ്പുണ്ടെങ്കില്‍ രേഖപ്പെടുത്താന്‍ ഏപ്രില്‍ 25ന് പ്രസിദ്ധീകരിച്ചതായിരുന്നു വിജ്ഞാപനം. വലിയ വിമാനത്താവളത്തിന് പോലും 1200 ഏക്കര്‍ മതിയെന്നിരിക്കെ ഇവിടെ എന്തിനാണ് ഇത്രയധികം ഭൂമിയെന്ന് കോടതി ചോദിച്ചു.
അയന ചാരിറ്റബിള്‍ ട്രസ്റ്റാണ് ചെറുവള്ളി എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നത്. ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ സര്‍ക്കാരിന്റെ സ്വന്തമാണെന്നു കാട്ടി മുന്‍ കോട്ടയം കളക്ടറാണ് കോടതിയെ സമീപിച്ചത്.
2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ച് ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഈ നിര്‍ണായക വ്യവസ്ഥ ഒഴിവാക്കിയതിലെ നിയമപരമായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്.
കൊച്ചി രാജ്യാന്തര വിമാനത്താവളം 1300 ഏക്കറിലും തിരുവനന്തപുരം 700 ഏക്കറിലുമാണ്. ഈ സാഹചര്യത്തില്‍, കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകേണ്ട ശബരിമലയ്ക്ക് 2570 ഏക്കര്‍ എന്തിനെന്ന് വ്യക്തമാക്കിയിട്ടില്ല.
ഭാവി വികസനത്തിനാണ് 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും വികസന പദ്ധതികള്‍ എന്തൊക്കെയാണെന്നോ എത്ര ഭൂമി വേണമെന്നോ സര്‍ക്കാരിന് വിശദീകരിക്കാനായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.