'എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്': ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ദീപക്കിന്റെ പിതാവ്

'എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്': ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ദീപക്കിന്റെ പിതാവ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം.

ഇതിന്റെ ഭാഗമായി ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പൊലീസ് യുവതിയെ വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്യും. തന്റെ മകന് നീതി ലഭിക്കണമെന്നും മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും ദീപക്കിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം കാണിച്ചു എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടതില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കള്‍ പറയുന്നു. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.

കണ്ണൂരില്‍ പോയി വന്നതിനു ശേഷം മകന്‍ മാനസിക പ്രയാസത്തിലായിരുന്നെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണില്‍ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനു മുന്‍പേ ദീപക് ആത്മഹത്യ ചെയ്തു. ഫോണ്‍ സംഭാഷണത്തില്‍ സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് പറഞ്ഞു.

കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാര ശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരില്‍ പോയിരുന്നു. ഈ സമയം ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് ഒരു യുവതി റീല്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.