കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഇഡി റെയ്ഡ്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതികളുടെ വീടുകളില്‍ ഇഡി വ്യാപക പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ. പത്മകുമാര്‍, എന്‍. വാസു, മുരാരി ബാബു, ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലാണ് വ്യാപക റെയ്ഡ് ആരംഭിച്ചത്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടക്കുന്നുണ്ട്. ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സംഘമെത്തി. മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എന്‍. വാസുവിന്റെ പേട്ടയിലെ വീട്ടിലും എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി സംഘം പരിശോധിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകള്‍ അടക്കമാണ് ഇഡി അന്വേഷിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് ഇഡി അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം.
സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. എസ്‌ഐടി പ്രതിചേര്‍ത്ത തന്ത്രി കണ്ഠരര് രാജീവര്‍ അടക്കം മുഴുവന്‍ പേരെയും പ്രതി ചേര്‍ത്താണ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാം പ്രതിയായ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെ പതിനഞ്ചിലേറെ പേരെ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കം മൂന്ന് സംസ്ഥാനങ്ങളിലായി 15 ലധികം വരുന്ന പ്രതികളുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിന് ശേഷം സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരും ദിവസങ്ങളില്‍ ഇഡി കടന്നേക്കും. എസ്‌ഐടി അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇഡിയുടെ ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സ്വര്‍ണക്കൊള്ളയില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. കേസില്‍ പ്രതികളുടെ മൊഴിയും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി ഇഡിയക്ക് കൈമാറിയിരുന്നു.
നിലവിലെ പ്രതികള്‍ക്ക് പുറമെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ അടക്കം അന്വേഷണ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.