തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ ഡ്രൈവിങ് ലൈസന്‍സ് തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍. മൈസൂരുവില്‍ നിന്നും സംഘടിപ്പിക്കുന്ന ലൈസന്‍സില്‍ മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസന്‍സ് ആക്കി മാറ്റാന്‍ മോട്ടര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റ് നടത്താതെ ഏജന്റുമാര്‍ മുഖേന മൈസൂരുവില്‍ നിന്നും ലൈസന്‍സ് തരപ്പെടുത്തുന്ന സംഘം വടക്കന്‍ കേരളത്തില്‍ സജീവമാണെന്നാണ് വിവരം. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയതായും കര്‍ശന നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ വി.എച്ച് നാഗരാജു അറിയിച്ചു.
ഡ്രൈവര്‍ ടെസ്റ്റ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും ഏജന്റുമാര്‍ മുഖേന ലൈസന്‍സ് തരപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ, കര്‍ണാടകയില്‍ പോകാതെ ലൈസന്‍സ് തരപ്പെടുത്തുന്ന മാഫിയ സംസ്ഥാനത്ത് സജിവമാകുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മലപ്പുറം സ്വദേശി മുഹമ്മദ് ബഷീര്‍ എന്നയാള്‍ക്ക് മൈസൂരു വെസ്റ്റ് ആര്‍ടിഒയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് മൈസൂരിലുള്ള ഒരു വിലാസത്തില്‍ ലൈസന്‍സ് ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ 1970 ല്‍ ജനിച്ചുവെന്ന രേഖകളില്‍ ഉള്ള മുഹമ്മദ് ബഷീറിന്റെ ഡ്രൈവിങ് ലൈസന്‍സിലുള്ളത് ഒരു യുവാവിന്റെ ചിത്രമാണ്. ഇതേ മുഹമ്മദ് ബഷീര്‍ വിലാസവും ഒപ്പും മാറ്റാനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസില്‍ ദിവസങ്ങള്‍ക്കകം അപേക്ഷ നല്‍കുകയും ഡിസംബര്‍ 28 ന് തിരൂരങ്ങാടിയില്‍ നിന്നും മലപ്പുറത്തെ വിലാസത്തില്‍ പുതിയ ചിത്രമുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുകയും ചെയ്തു.
മുഹമ്മദ് ബഷീര്‍ ലൈസന്‍സിനായി സമര്‍പ്പിച്ച ആധാറുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് പേരുടെ ചിത്രങ്ങള്‍ പതിച്ച മൈസൂരിലും മലപ്പുറത്തും വിലാസമുള്ള ആധാറുകളും അന്വേണത്തില്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ സമാനമായ തട്ടിപ്പുകളും കണ്ടെത്തുകയായിരുന്നു. മൈസൂരു വിലാസത്തില്‍ മറ്റൊരു ചിത്രം വച്ച് ഡ്രൈവിങ് ലൈസന്‍സും തിരൂരങ്ങാടിയില്‍ വിലാസം മാറ്റാനുള്ള അപേക്ഷയുടെ മറവില്‍ ഫോട്ടോയും വിലാസവും ഒപ്പും ഉള്‍പ്പെടെ മാറ്റി കേരളത്തിലെ വിലാസത്തില്‍ പുതിയ ലൈസന്‍സും നല്‍കുന്ന വലിയ തട്ടിപ്പാണ് നടക്കുന്നത്.
കേരളത്തിലും മൈസൂരിലും ഉള്ള ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്നുള്ള വന്‍ തട്ടിപ്പാണിതെന്നാണ് കണ്ടെത്തല്‍. ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുത്താത്ത ഒരാളുടെ പേരില്‍ എങ്ങനെ മൈസൂരില്‍ ലൈസന്‍സ് നല്‍കുമെന്നും രണ്ട് ചിത്രങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ തിരൂരങ്ങാടിയിലെ എംവിഡി ഉദ്യോഗസ്ഥര്‍ എങ്ങനെ പുതിയ ലൈസന്‍സ് നല്‍കി എന്നതും അടക്കം നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.