ഭാവിയില്‍ കാശ്മീര്‍ വിഷയത്തിലെ നിലപാടില്‍ ആശങ്ക; ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിനോട് പ്രതികരിക്കാതെ ഇന്ത്യ

ഭാവിയില്‍ കാശ്മീര്‍ വിഷയത്തിലെ നിലപാടില്‍ ആശങ്ക; ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിനോട് പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയതായി രൂപം നല്‍കിയ ബോര്‍ഡ് ഓഫ് പീസിനോട് പ്രതികരിക്കാതെ ഇന്ത്യ. ഭാവിയില്‍ അന്താരാഷ്ട്ര തലത്തില്‍ അടക്കം സുപ്രധാനമായ കാശ്മീര്‍ വിഷയത്തില്‍ ട്രംപ് ഇതേ നയം സ്വീകരിക്കുമോ എന്നാണ് ആശങ്ക. മറ്റ് രാജ്യങ്ങളുടെ നിലപാട് നിരീക്ഷിച്ചായിരിക്കും ഇന്ത്യ ബോര്‍ഡ് ഓഫ് പീസില്‍ ചേരണോ എന്നതില്‍ തീരുമാനമെടുക്കുക.

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്കാണ് ട്രംപ് ബോര്‍ഡ് ഓഫ് പീസ് വിഭാവനം ചെയ്തിരിക്കുന്നത്. സംഘര്‍ഷം ഉള്ളതോ സംഘര്‍ഷ ഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളില്‍ സ്ഥിരത കൈവരുത്തുന്നതിനും നിയമാനുസൃതമായ ഭരണം പുനസ്ഥാപിക്കുന്നതിനും ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടന എന്നാണ് അറുപതോളം രാജ്യങ്ങള്‍ക്ക് യു.എസ് അയച്ച കരട് രേഖയില്‍ ബോര്‍ഡ് ഓഫ് പീസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രേഖയ്‌ക്കൊപ്പം ഇതില്‍ ചേരാനുള്ള ക്ഷണപത്രവും ഉണ്ട്.

അതേസമയം ട്രംപിന്റെ നീക്കത്തോട് പല രാജ്യങ്ങളും കരുതലോടെയാണ് പ്രതികരിക്കുന്നത്. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ഹംഗറി മാത്രമാണ് നിലവില്‍ ഈ സമിതിയിലേക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. മാത്രമല്ല ഈ സമിതി ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തിയേക്കും എന്ന ആശങ്കയും ചില യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ സമിതിയില്‍ തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയതില്‍ ഇസ്രയേല്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

വരും ആഴ്ചകളില്‍ സമിതിയിലെ കൂടുതല്‍ അംഗങ്ങളെയും അവരുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ച് വൈറ്റ് ഹൗസ് വിശദമായ വിവരം പുറത്തുവിടുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.