കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃക പിന്തുടരാൻ ഒരുങ്ങി ബ്രിട്ടനും; കൂടിയാലോചനകൾ തുടങ്ങി

കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃക പിന്തുടരാൻ ഒരുങ്ങി ബ്രിട്ടനും; കൂടിയാലോചനകൾ തുടങ്ങി

ലണ്ടൻ: 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഓസ്‌ട്രേലിയൻ മാതൃക ബ്രിട്ടനിലും നടപ്പിലാക്കാൻ ആലോചന. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബർ ഇടങ്ങളിലെ ചൂഷണം തടയുന്നതിനുമായി കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചു.

ഓസ്‌ട്രേലിയയിൽ നടപ്പിലാക്കിയ നിയമം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അത് എത്രത്തോളം ഫലപ്രദമാണെന്നും പഠിക്കാൻ ബ്രിട്ടീഷ് മന്ത്രിമാർ ഓസ്‌ട്രേലിയ സന്ദർശിക്കും. പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പൂർണമായ നിരോധനത്തോട് വിയോജിപ്പുണ്ടായിരുന്ന സ്റ്റാർമർ മാതാപിതാക്കളുടെയും ജനപ്രതിനിധികളുടെയും ശക്തമായ സമ്മർദത്തെ തുടർന്നാണ് തീരുമാനം പുനപരിശോധിക്കുന്നത്.

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിയുന്ന കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾ, അധ്യാപകർ, വിദഗ്ധർ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ തേടും. കൊല്ലപ്പെട്ട കൗമാരക്കാരി ബ്രിയാന ഗേയുടെ അമ്മ എസ്തർ ഗേ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയ നിരോധനത്തിനായി ശക്തമായി വാദിക്കുന്നുണ്ട്. ഓൺലൈൻ ലോകത്തെ ചതിക്കുഴികൾ കുട്ടികളുടെ ജീവന് ഭീഷണിയാകുന്നുവെന്ന ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ, സൈബർ ബുള്ളിയിംഗ്, അഡിക്ഷൻ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ 'ഇൻഫിനിറ്റ് സ്ക്രോളിംഗ്' പോലുള്ള ഫീച്ചറുകൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് യുകെ ടെക്നോളജി സെക്രട്ടറി ലിസ് കെൻഡൽ വ്യക്തമാക്കി. സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതിനും സ്‌കൂളുകളിൽ ഫോൺ നിരോധനം കർശനമാക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയുന്ന നിയമം അടുത്തിടെയാണ് ഓസ്‌ട്രേലിയ പാസാക്കിയത്. നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് വൻ തുക പിഴ ചുമത്തുന്നതാണ് ഈ രീതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.