തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പിന്നീട് വായിക്കുകയും ചെയ്തു.
കാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പന്ത്രണ്ടാം ഖണ്ഡികയില്‍ ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുന്നുവെന്നാണ് പറയുന്നത്.
ഗവര്‍ണര്‍ ഒഴിവാക്കിയ പതിനഞ്ചാം ഖണ്ഡികയിലെ അവസാന വാചകങ്ങള്‍ ഇപ്രകാരമാണ്: സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും അവ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്. ഈ വാചകം ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഖണ്ഡിക 16 ന്റെ അവസാന ഭാഗത്ത്, നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും ഔദാര്യമല്ലാത്തതും ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.
ഈ വാചകം ഗവര്‍ണര്‍ അതേപടി വായിച്ചു. എന്നാല്‍ ഈ വാചകത്തിനൊപ്പം എന്റെ സര്‍ക്കാര്‍ കരുതുന്നു എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ത്തവ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയോട് ആവശ്യപ്പെട്ടു.
നിയമസഭയില്‍ ഗവര്‍ണര്‍ നടത്തുന്നത് സര്‍ക്കാരിനു വേണ്ടി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ്. അതില്‍ നിന്നും വിട്ടുപോകുന്നതോ വ്യതിചലിക്കുന്നതോ ഔദ്യോഗികമായി അംഗീകരിക്കുന്നതല്ലെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ വായിക്കണം. മാറ്റം വരുത്താനുള്ള അവകാശം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അതേസമയം നയപ്രഖ്യാപനത്തില്‍ പറഞ്ഞ അവകാശാദങ്ങളെല്ലാം തെറ്റാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കുമ്പോള്‍ നയപ്രഖ്യാപന പ്രസംഗങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.