നിതിന്‍ നബിന്‍ ബിജെപി ദേശീയ അധ്യക്ഷന്‍; സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം

നിതിന്‍ നബിന്‍ ബിജെപി ദേശീയ അധ്യക്ഷന്‍;  സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന നിതിന്‍ നബിന് സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന്റെ (സിആര്‍പിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തിനാണ് ചുമതല.

അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അദേഹത്തിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. അധ്യക്ഷന്റെ രാജ്യത്തിനകത്തുള്ള യാത്രകളില്‍ ആയുധധാരികളായ സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഒപ്പമുണ്ടാകണമെന്നാണ് നിര്‍ദേശം.

ബിജെപി അധ്യക്ഷനായിരിക്കെ ജെ.പി നഡ്ഡയ്ക്കും സമാനമായ സുരക്ഷ ലഭിച്ചിരുന്നു. സിആര്‍പിഎഫ് വിഐപി സുരക്ഷാ വിഭാഗത്തിന് തന്നെ ആയിരുന്നു ചുമതല. കേന്ദ്ര സംരക്ഷണ പട്ടികയ്ക്ക് കീഴിലുള്ള വിഐപി സുരക്ഷാ പരിരക്ഷയില്‍ ഏറ്റവും ഉയര്‍ന്നത് സെഡ്-പ്ലസ് കാറ്റഗറിയാണ്. സെഡ്, വൈ, വൈ-പ്ലസ്, എക്സ് തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗാന്ധി കുടുംബം, മറ്റ് നിരവധി രാഷ്ട്രീയക്കാര്‍, ഉന്നത വ്യക്തികള്‍ എന്നിവരെ സിആര്‍പിഎഫ് സംരക്ഷിക്കുന്നു.

ബിഹാറില്‍ അഞ്ച് തവണ എംഎല്‍എയായ നിതിന്‍ നബിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 15 നാണ് ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. ദേശീയ അധ്യക്ഷനായി എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബിഹാറിലെ നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ റോഡ് നിര്‍മാണം, നഗര വികസനം, ഭവന നിര്‍മാണം, നിയമ-നീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് നിതിന്‍ നബിന് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ലഭിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.