608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത; നിരവധി റെക്കോഡുകള്‍ സ്വന്തം: സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു

608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത; നിരവധി റെക്കോഡുകള്‍ സ്വന്തം: സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു

കലിഫോര്‍ണിയ: ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. ഇന്നലെയാണ് സുനിത വിരമിച്ചതായി നാസ ഔദ്യോഗികമായി അറിയിച്ചത്.

608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത കൂടിയായ സുനിത വില്യംസിന് നാസയിലെ സേവനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.

2024 ല്‍ എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകള്‍ മൂലം ഒമ്പത് മാസത്തിലധികം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിന് ശേഷമാണ് മടങ്ങിയെത്തിയത്.

1998 ലാണ് സുനിത വില്യംസ് നാസയുടെ ഭാഗമായത്. 2006 ഡിസംബര്‍ ഒന്‍പതിന് ഡിസ്‌കവറിയിലേറിയാണ് സുനിത ആദ്യമായി ബഹിരാകാശത്തെത്തിയത്. കന്നി ബഹിരാകാശ ദൗത്യത്തില്‍ ഫ്‌ളൈറ്റ് എഞ്ചിനീയറുടെ ചുമതലയായിരുന്നു സുനിതയ്ക്ക്. 2012 ജൂലൈ 14 നായിരുന്നു രണ്ടാം ദൗത്യം.

കസാഖിസ്ഥാനിലെ ബയ്ക്കനൂര്‍ കോസ്‌മോഡ്രോം വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് എക്സ്പീഡിഷന്‍ 32/32 സംഘത്തിനൊപ്പമായിരുന്നു സുനിത വില്യംസിന്റെ രണ്ടാം യാത്ര. ഈ ദൗത്യത്തില്‍ 127 ദിവസം സുനിത ഐ.എസ്.എസില്‍ ചിലവഴിച്ചു. ഈ ദൗത്യത്തില്‍ സ്റ്റേഷന്‍ റേഡിയേറ്ററിലെ അമോണിയ ചോര്‍ച്ച പരിഹരിച്ചതുള്‍പ്പടെ മൂന്ന് ബഹിരാകാശ നടത്തവും സുനിത നടത്തി.

ഒമ്പത് ബഹിരാകാശ നടത്തങ്ങള്‍ പൂര്‍ത്തിയാക്കിയ സുനിത, ബഹിരാകാശ പേടകത്തിന് പുറത്ത് ആകെ 62 മണിക്കൂറും ആറ് മിനിറ്റുമാണ് ചെലവഴിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ബഹിരാകാശ നടത്ത സമയം ചെലവഴിച്ച വനിതയെന്ന റെക്കാഡും സ്വന്തമാക്കി. ബഹിരാകാശ നടത്ത ദൈര്‍ഘ്യത്തിന്റെ എക്കാലത്തെയും പട്ടികയില്‍ നാലാം സ്ഥാനത്തും എത്തി. ബഹിരാകാശത്ത് ഒരു മാരത്തണ്‍ ഓടുന്ന ആദ്യ വ്യക്തി എന്ന ബഹുമതിയും സുനിതയ്ക്കുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 27 ന് വിരമിച്ചെങ്കിലും ഇന്നലെയാണ് സുനിത വിരമിച്ചതായി നാസ ഔദ്യോഗികമായി അറിയിച്ചത്. ഭാവി പര്യവേഷണങ്ങളെ ചിട്ടപ്പെടുത്തുന്നതില്‍ സുനിത വില്യംസ് വലിയ പങ്കാണ് വഹിച്ചതെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജറെഡ് ഐസക്മന്‍ പറഞ്ഞു.

ബഹിരാകാശമായിരുന്നു സുനിതയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടം. അക്കാര്യം അവര്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ആര്‍ട്ടെമിസ് ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അടുത്ത തലമുറയ്ക്ക് ദീപം കൈമാറേണ്ട സമയമായി. പുത്തന്‍ ആശയങ്ങളുമായി ഊര്‍ജസ്വലരായ ഒരുപറ്റം ചെറുപ്പക്കാര്‍ കാത്തു നില്‍ക്കുന്നുണ്ടെന്നും സുനിത ഒരു അഭിമുഖത്തില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.