സണ്ണി ജോസഫ് വീണ്ടും പേരാവൂരില്‍ പോരാട്ടത്തിന്; ആന്റോ ആന്റണി കെപിസിസി അധ്യക്ഷ പദവിയിലേക്കെന്ന് സൂചന

സണ്ണി ജോസഫ് വീണ്ടും പേരാവൂരില്‍ പോരാട്ടത്തിന്;  ആന്റോ ആന്റണി കെപിസിസി അധ്യക്ഷ പദവിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണി അധ്യക്ഷ പദവിയിലെത്തുമെന്ന് സൂചന. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ സമുദായിക സമവാക്യം കൂടി കണക്കിലെടുത്താണ് നീക്കം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ് അധ്യക്ഷ പദവിയില്‍ നിന്ന് മാറിയാല്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാള്‍ക്ക് പകരം ചുമതല കൈമാറിയേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി അനില്‍ കുമാറും പി.സി വിഷ്ണുനാഥും വണ്ടൂരിലും കുണ്ടറയിലും വീണ്ടും ജനവിധി തേടുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളായ ഷാഫി പറമ്പിലിന് താല്‍ക്കാലിക ചുമതല കൈമാറാനായിരുന്നു ആദ്യഘട്ട ചര്‍ച്ചകള്‍. എന്നാല്‍ മുസ്ലീം ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം ആയുധമാക്കുന്ന സാഹചര്യത്തില്‍ ഈ നീക്കത്തില്‍ ദേശീയ നേതൃത്വം പുനരാലോചന നടത്തുകയായിരുന്നു.

ഷാഫിയെ വടക്കന്‍ കേരളത്തിലെ ഒരു പ്രധാന മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിരം മണ്ഡലമായ ധര്‍മടത്ത് ഷാഫിയുടെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മധ്യകേരളത്തില്‍ നിന്നുള്ള പ്രമുഖ ക്രൈസ്തവ നേതാവായ ആന്റോ ആന്റണിയെ പാര്‍ട്ടിയുടെ നിര്‍ണായക പദവിയിലേക്ക് എത്തിക്കാനുള്ള നീക്കം തുടങ്ങിയത്.

സിറോ മലബാര്‍ സഭ, മാര്‍ത്തോമ സഭ, മറ്റ് ക്രൈസ്തവ സഭകള്‍ തുടങ്ങിയവയുമായി ആന്റോ ആന്റണിയുടെ ബന്ധം മധ്യ കേരളത്തില്‍ യുഡിഎഫിന് അനുകൂലമാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കൈസ്ര്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കെപിസി അധ്യക്ഷ പദവിയിലൂടെ ആന്റോ ആന്റണിക്ക് സാധിച്ചേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.