ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ച് ഇ ഡി; റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ച് ഇ ഡി; റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 1.3 കോടി വില വരുന്ന ആസ്തികളാണ് മരവിപ്പിച്ചത്.

'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ' എന്ന പേരില്‍ 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം, കൊച്ചി സോണല്‍ ഓഫീസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ചൊവ്വാഴ്ച വ്യാപക പരിശോധന നടത്തിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിലായിരുന്നു പരിശോധന.

ശബരിമലയിലെ സ്വര്‍ണ പാളികള്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടു പോയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് 100 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വര്‍ണ കട്ടികളാണ് കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും സ്വര്‍ണം ചെമ്പാക്കിയ രേഖയും നിരവധി ഡിജിറ്റല്‍ തെളിവുകളും റെയ്ഡില്‍ കണ്ടെത്തിയെന്നും ഇഡി അറിയിച്ചു.

2019 നും 2024 നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. കൂടാതെ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുന്‍ ക്ഷേത്ര ഭരണാധികാരികള്‍, സ്വകാര്യ സ്പോണ്‍സര്‍മാര്‍, ജ്വല്ലറികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പൊലീസും ക്രൈംബ്രാഞ്ചും രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി അന്വേഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.