അടൂര്‍ പ്രകാശിന് പിന്നെയും കുരുക്ക്; ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അടൂര്‍ പ്രകാശിന് പിന്നെയും  കുരുക്ക്; ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഇതോടെ അടൂര്‍ പ്രകാശ് കൂടുതല്‍ കുരുക്കിലാകുകയാണ്. പോറ്റിക്ക് ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തു വന്നത്. ബംഗളൂരുവില്‍ വെച്ചുള്ള ചിത്രമാണിതെന്നാണ് സൂചന.

പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്ത സുബ്രമണ്യവും ചിത്രത്തില്‍ ഉണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ഉപഹാരങ്ങള്‍ ഉള്‍പ്പെടെ കൊടുത്തിട്ടുണ്ട് എന്ന് പോറ്റി മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ പേര് പറഞ്ഞിരുന്നില്ല.

അതിനിടയിലാണ് പോറ്റിയുമൊത്തുള്ള അടൂര്‍ പ്രകാശിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അതേ സമയം എന്ത് ചടങ്ങാണിത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഷര്‍ട്ടും പാന്റും ധരിച്ചാണ് അടൂര്‍ പ്രകാശ് ചിത്രത്തിലുള്ളത്.

പുതിയ ചിത്രത്തെക്കുറിച്ചോ, ഏതു പരിപാടിയാണ് ഇതെന്നോ അടൂര്‍ പ്രകാശ് ഇതുവരെ വ്യക്തമായിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമസക്കാരനാണെന്നും അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ പരിചയമുണ്ടെന്നുമാണ് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്.

സോണിയാഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിലും അടൂര്‍ പ്രകാശുണ്ട്. എന്നാല്‍ പോറ്റി ക്ഷണിച്ചിട്ടാണ് ഒപ്പം ചെന്നതെന്നും സോണിയയെ കാണാന്‍ താനല്ല അനുമതി വാങ്ങി നല്‍കിയതെന്നുമാണ് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.