തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വര്‍ധനവ് സംസ്ഥാന സര്‍ക്കാര്‍ പകുതിയോളം വെട്ടിക്കുറച്ചതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര നിയമഭേദഗതി പ്രകാരം 10, 15, 20 വര്‍ഷം പിന്നിട്ട ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നിരക്കുകളില്‍ നിന്നും 50 ശതമാനം വരെ കുറവാണ് വരുത്തിയിരിക്കുന്നത്. നിരക്കുകള്‍ കുത്തനെ കൂട്ടിയ കേന്ദ്ര നടപടി സാധാരണക്കാരായ വാഹന ഉടമകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തിന് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
പരിഷ്‌കാരം നടപ്പിലാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ് സംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തിലും കേരളം നിര്‍ണായക മാറ്റം വരുത്തി.
15 വര്‍ഷം കഴിഞ്ഞാല്‍ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും പൊളിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലെ പൊലീസ്, ഫയര്‍ഫോഴ്‌സ്, വനം, ആരോഗ്യ വകുപ്പുകളെ സാരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. കിലോമീറ്റര്‍ കുറച്ച് മാത്രം ഓടിയിട്ടുള്ള ഇത്തരം വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നത് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കും. ഈ സാഹചര്യത്തില്‍ കൃത്യമായ പുക പരിശോധനയും ഫിറ്റ്നസ് കണ്ടീഷനും ഉറപ്പുവരുത്തിക്കൊണ്ട് സര്‍ക്കാര്‍ വാഹനങ്ങളുടെ കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടി നല്‍കാനും തീരുമാനിച്ചു.
കേന്ദ്ര വാഹന പോര്‍ട്ടലില്‍ ഇതിന് തടസം ഉണ്ടാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേകമായി ലാമിനേറ്റഡ് ആര്‍.സി കാര്‍ഡുകള്‍ നല്‍കും. ഇന്‍ഷുറന്‍സ് സംബന്ധമായ തടസങ്ങള്‍ ഒഴിവാക്കാന്‍ ഈ വാഹനങ്ങളെയെല്ലാം കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.