സിനിമയെ വെല്ലുന്ന ജയില്‍ പ്രണയം: പരോള്‍ അനുവദിച്ച് കോടതി; പുറത്തിറങ്ങി വിവാഹിരായി കൊലക്കേസ് പ്രതികള്‍

സിനിമയെ വെല്ലുന്ന ജയില്‍ പ്രണയം: പരോള്‍ അനുവദിച്ച് കോടതി; പുറത്തിറങ്ങി വിവാഹിരായി കൊലക്കേസ് പ്രതികള്‍

ജയ്പുര്‍: ജയിലിലെ കൂടിക്കാഴ്ചകള്‍ പ്രണയത്തിലേയ്ക്ക് വഴിമാറിയതോടെ കൊലക്കേസ് പ്രതികള്‍ പരോളില്‍ പുറത്തിറങ്ങി വിവാഹിതരായി. രാജസ്ഥാനിലെ ആല്‍വാറിലാണ് സിനിമയെ വെല്ലുന്ന ത്രില്ലിങ് പ്രണയ കഥ അരങ്ങേറിയത്.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന പ്രിയ സേഠ് എന്ന നേഹ സേഠാണ് വധു. അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹനുമാന്‍ പ്രസാദാണ് വരന്‍. പ്രണയം ജയില്‍ അധികൃതര്‍ അറിഞ്ഞതോടെ സംഗതി എളുപ്പമാകുകയായിരുന്നു. ഇരുവര്‍ക്കും വിവാഹിതരാകാന്‍ രാജസ്ഥാന്‍ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോള്‍ നല്‍കി. ആല്‍വാറിലെ ബരോദാമേവില്‍ ഇന്നായിരുന്നു വിവാഹം.

മോഡല്‍ ആയി ജോലി ചെയ്യുകയായിരുന്നു പ്രിയ സേഠ്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സാന്‍ഗനെര്‍ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍. അതേ ജയിലില്‍ വച്ച് ആറ് മാസം മുന്‍പ് ഹനുമാന്‍ പ്രസാദിനെ പ്രിയ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ആയിരുന്നു.

കാമുകനായ ദിക്ഷന്ത് കമ്രയുടെ കടങ്ങള്‍ വീട്ടാന്‍ 2018 മെയ് രണ്ടിനാണ് പ്രിയ ദുഷ്യന്തിനെ കൊലപ്പെടുത്തിയത്. ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാനായിരുന്നു പദ്ധതി. അത് പ്രകാരം ടിന്‍ഡര്‍ ആപ്പിലൂടെ ദുഷ്യന്തുമായി അടുപ്പം സ്ഥാപിക്കുകയും ബജാജ് നഗറിലെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും ആയിരുന്നു. പിന്നാലെ ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും അവര്‍ മൂന്ന് ലക്ഷം നല്‍കുകയും ചെയ്തു.

എന്നാല്‍ ദുഷ്യന്തിനെ വിട്ടയച്ചാല്‍ പൊലീസ് അന്വേഷണം വരുമെന്ന ഭയത്താല്‍ പ്രിയയും ദിക്ഷന്തും ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം ദിക്ഷന്തിന്റെ സുഹൃത്ത് ലക്ഷ്യ വാലിയയും ഉണ്ടായിരുന്നു. പിന്നീട് മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് അനേകം തവണ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം സ്യൂട്ട്‌കെയ്‌സില്‍ ആമെര്‍ കുന്നുകളില്‍ ഉപേക്ഷിച്ചു. മെയ് മൂന്നിന് രാത്രി ആമെര്‍ കുന്നുകളില്‍ നിന്ന് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെടുക്കുകയും അന്വേഷണത്തിനൊടുവില്‍ മൂവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം പെണ്‍ സുഹൃത്തിന്റെ ഭര്‍ത്താവിനെയും മൂന്ന് മക്കളെയും മറ്റൊരു കുട്ടിയേയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഹനുമാന്‍ പ്രസാദ്. ആല്‍വാറിലെ തായ്ക്വോണ്ടോ (കൊറിയന്‍ ആയോധന കല) പരിശീലകയായ സാന്തോഷ് ആയിരുന്നു ഹനുമാന്‍ പ്രസാദിന്റെ പെണ്‍ സുഹൃത്ത്. ഹനുമാന്‍ പ്രസാദിനേക്കാള്‍ 10 വയസ് മുതിര്‍ന്ന ആളായിരുന്നു സാന്തോഷ്.

2017 ഒക്ടോബര്‍ രണ്ടിന് രാത്രി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ട് അവര്‍ ഹനുമാന്‍ പ്രസാദിനെ വിളിച്ച് വരുത്തുകയായിരുന്നു. ഹനുമാന്‍ പ്രസാദ് മറ്റൊരാള്‍ക്കൊപ്പം അവിടെ എത്തി ഭര്‍ത്താവ് ഭന്‍വാരി ലാലിനെയും സാന്തോഷിന്റെ മൂന്ന് മക്കളെയും അവര്‍ക്കൊപ്പം താമസിച്ചിരുന്ന ബന്ധുവായ കുട്ടിയെയും കൊലപ്പെടുത്തി. അതേസമയം ബന്ധുവായ കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് ആദ്യം ഉദ്ദേശ്യമില്ലായിരുന്നു. എന്നാല്‍ ഈ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആ കുട്ടി ഉണര്‍ന്നതോടെയാണ് കൊലപ്പെടുത്തിയത്.

എന്തായാലും നിരവധി ട്വിസ്റ്റുകളുള്ള ഒരു സിനിമ സ്റ്റോറിയെ വെല്ലുന്നതാണ് ജയ്പൂരില്‍ നിന്നും പുറത്തുവന്നിരിക്കുന്ന ജയില്‍ പ്രണയവും വിവാഹവും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.