ചെറിയ പേശീ പ്രശ്നത്തിന് ഐസിയുവിലാക്കി, ബില്ല് ലക്ഷങ്ങള്‍; അമേരിക്കയിലെ ആരോഗ്യ മേഖലയെക്കുറിച്ച് പരാതിയുമായി ഇന്ത്യന്‍ യുവാവ്

ചെറിയ പേശീ പ്രശ്നത്തിന് ഐസിയുവിലാക്കി, ബില്ല് ലക്ഷങ്ങള്‍; അമേരിക്കയിലെ ആരോഗ്യ മേഖലയെക്കുറിച്ച് പരാതിയുമായി ഇന്ത്യന്‍ യുവാവ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആരോഗ്യ സംവിധാനങ്ങളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കി ഇന്ത്യന്‍ യുവാവ്. ചെറിയ പേശീ പ്രശ്നത്തിന് ഐസിയുവില്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വന്നതിനെതിരെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ പാര്‍ത്ഥ് വിജയ് വെര്‍ഗിയ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.

'യു.എസിലെ ആരോഗ്യ സംരക്ഷണ ചെലവ് ഭ്രാന്തമാണ്. ഒരു യഥാര്‍ത്ഥ സംഭവം' എന്ന തലക്കെട്ടോടെയാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അമേരിക്ക ജീവിതച്ചെലവ് ഏറിയ സ്ഥലമാണെന്ന് പലരും പറയാറുണ്ട്. എത്ര വലിയ ചെലവാണ് ഇവിടെയെന്ന് താന്‍ പറയാം. ഡിസംബര്‍ 25 ന് ഐസ് സ്‌കേറ്റിങിനിടെ തന്റെ കാല്‍മുട്ടില്‍ ആരോ തട്ടി. കാല്‍ ഒടിഞ്ഞെന്ന് കരുതിയെങ്കിലും വലിയ പണം മുടക്കി ആംബുലന്‍സില്‍ പോകാതെ ടാക്സി പിടിച്ച് ആശുപത്രിയിലെത്തി.

ഒന്നര മണിക്കൂറോളം ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ ചെലവഴിച്ചതിന് ശേഷം എക്സ്റേ എടുത്തു. മുട്ട് പരിശോധിച്ചു. പേശീ പ്രശ്നമാണെന്ന് മനസിലാക്കി ബാന്‍ഡേജ് ഇട്ട ശേഷം ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തി ആഴ്ചകള്‍ക്കകമാണ് ആശുപത്രി സന്ദര്‍ശനത്തിന്റെ സാമ്പത്തിക ആഘാതം ഉണ്ടായതെന്ന് യുവാവ് പറയുന്നു.

ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പ്രതിനിധി വിളിച്ച് 1800 ഡോളര്‍ (ഏകദേശം ഒന്നര ലക്ഷം രൂപ) നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പുറമേ ഇന്‍ഷ്വറന്‍സ് കമ്പനി 4000 മുതല്‍ 4500 ഡോളര്‍ വരെ നല്‍കി. അങ്ങനെ ഒന്നര മണിക്കൂര്‍ ഐസിയുവില്‍ കിടന്നതിന് 4.8 മുതല്‍ 5.2 ലക്ഷം രൂപ ചെലവായെന്ന് യുവാവ് പറയുന്നു.

പോസ്റ്റിന് താഴെ ചെറിയ ആരോഗ്യ പ്രശ്നത്തിന് പോലും ഇന്ത്യയിലേക്ക് പോകേണ്ടി വന്നുവെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ ചെറിയ പ്രശ്നങ്ങള്‍ ശിക്ഷയായി മാറുന്നത് ഇങ്ങനെയാണെന്നും ചിലര്‍ കുറിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.