ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിന് പൂര്‍ണ പിന്തുണ; ലോകത്തിന് ആവശ്യം സംരക്ഷണ വാദത്തിന് പകരം തുറന്ന വ്യാപാരമെന്ന് നോര്‍വേ

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിന് പൂര്‍ണ പിന്തുണ; ലോകത്തിന് ആവശ്യം സംരക്ഷണ വാദത്തിന് പകരം തുറന്ന വ്യാപാരമെന്ന് നോര്‍വേ

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നോര്‍വേ. സംരക്ഷണവാദത്തിന് പകരം തുറന്ന വ്യാപാര നയമാണ് ലോകത്തിന് ആവശ്യമെന്ന് നോര്‍വേ അംബാസഡര്‍ മെയ് എലിന്‍ സ്റ്റീനര്‍ വ്യക്തമാക്കി. ദേശീയ മാധ്യമത്തന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ നോര്‍വേയുടെ നിലപാട് വ്യക്തമാക്കിയത്.

നോര്‍വേ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലെങ്കിലും ഇന്ത്യയുമായി ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന വ്യാപാര കരാറിലൂടെ നോര്‍വേയുടെ ബന്ധം ഇതിനകം ശക്തമായിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഇന്ത്യ-ഇയു കരാര്‍ നിലവില്‍ വരുന്നത് നോര്‍വേയ്ക്കും ഗുണകരമാകും. നോര്‍വേയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യൂറോപ്യന്‍ യൂണിയനാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധങ്ങളോടും സംരക്ഷണ വാദത്തോടും നോര്‍വേയ്ക്ക് വിയോജിപ്പാണ്. ചെറിയ രാജ്യമായ നോര്‍വേയ്ക്ക് തുറന്ന വ്യാപാരമാണ് ഗുണകരമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല ട്രംപിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് ഓഫ് പീസ് സമാധാന ശ്രമങ്ങളിലും നോര്‍വേ പങ്കാളിയാകില്ല. ഈ സംവിധാനം ഐക്യരാഷ്ട്രസഭയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് നോര്‍വേ ആവശ്യപ്പെട്ടു. ഡാവോസിലെ ഒപ്പിടല്‍ ചടങ്ങില്‍ നിന്ന് നോര്‍വേ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. തനിക്ക് നോബല്‍ പുരസ്‌കാരം ലഭിക്കണമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കും സ്റ്റീനര്‍ മറുപടി നല്‍കി. നോബല്‍ കമ്മിറ്റി സ്വതന്ത്രമാണെന്നും അതില്‍ നോര്‍വീജിയന്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യയും നോര്‍വേയും തമ്മിലുള്ള നയതന്ത്ര ബന്ധം ഈ വര്‍ഷം നിര്‍ണായകമാകും. ഈ വര്‍ഷം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നോര്‍വേ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം കൂടുതല്‍ ഊഷ്മളമാക്കും. കൂടാതെ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന നിര്‍മിത ബുദ്ധി ഉച്ചകോടിയില്‍ നോര്‍വേയില്‍ നിന്നുള്ള വലിയൊരു സംഘം പങ്കെടുക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.