മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; കോം​ഗോയിൽ ഓരോ 30 മിനിറ്റിലും ഒരു കുട്ടി പീഡനത്തിനിരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; കോം​ഗോയിൽ ഓരോ 30 മിനിറ്റിലും ഒരു കുട്ടി പീഡനത്തിനിരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഭീകരസംഘടനകൾ കുട്ടികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ അതിരുവിടുന്നതായി റിപ്പോർട്ട്. യുദ്ധത്തിനും തങ്ങളുടെ ആവശ്യങ്ങൾക്കുമുള്ള ഉപകരണങ്ങളായി പിഞ്ചുകുഞ്ഞുങ്ങളെ മാറ്റുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ ബാലസൈനികരായും തൊഴിലാളികളായും ലൈംഗിക അടിമകളായും ഉപയോഗിക്കുകയാണ് ഇവിടുത്തെ ഭീകരസംഘടനകളുടെ രീതി.

അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്), എം23 തുടങ്ങിയ ഭീകരസംഘടനകളാണ് കുട്ടികളെ ലക്ഷ്യമിടുന്നത്. ഗ്രാമങ്ങളിൽനിന്ന് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ ബേസ് ക്യാമ്പുകളിലെത്തിച്ച് ബാലസൈനികരായും തൊഴിലാളികളായും ലൈംഗിക അടിമകളായും ഉപയോഗിക്കുന്നു.

കിഴക്കൻ കോംഗോയിലെ സംഘർഷ മേഖലകളിൽ ഓരോ 30 മിനിറ്റിലും ഒരു കുട്ടി വീതം ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്ന് യുണിസെഫ് വക്താവ് ജെയിംസ് എൽഡർ വെളിപ്പെടുത്തി. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, ഭീകരത സൃഷ്ടിക്കാനുള്ള ആസൂത്രിതമായ യുദ്ധതന്ത്രമായാണ് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഭീകരർ ഉപയോഗിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ ആയുധങ്ങൾ ഉപയോഗിക്കാനും മോഷ്ടിക്കാനും കൊല്ലാനും പരിശീലിപ്പിക്കുന്നു. നിർദേശങ്ങൾ അനുസരിക്കാത്തവരെ ക്രൂരമായി മർദിക്കുകയോ വധിക്കുകയോ ചെയ്യുന്നു. എഡിഎഫ് ഭീകരർ പിടികൂടുന്ന കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിക്കുന്നവരെ കൊലപ്പെടുത്തുന്നു.

പത്തും പതിനൊന്നും വയസുള്ള പെൺകുട്ടികൾ വരെ കൂട്ടബലാത്സംഗങ്ങൾക്ക് ഇരയാകുന്നു. പലരെയും ഭീകരർ നിർബന്ധിച്ച് വിവാഹം കഴിക്കുന്നു. രക്ഷപ്പെട്ടെത്തുന്ന കുട്ടികൾ ശാരീരികവും മാനസികവുമായ കൊടിയ പീഡനങ്ങളുടെ ഓർമ്മകളുമായാണ് ജീവിതത്തിലേക്ക് മടങ്ങുന്നത്.

മാതാപിതാക്കളെ കൺമുന്നിൽ വെച്ച് കൊലപ്പെടുത്തുന്നതടക്കമുള്ള ക്രൂരതകൾക്ക് ഇവർ സാക്ഷികളാകേണ്ടി വരുന്നു. ഇവർക്ക് അടിയന്തര വൈദ്യസഹായവും ദീർഘകാലത്തെ മാനസികാരോഗ്യ ചികിത്സയും ആവശ്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.